എഐ കാരണം ആദ്യം ജോലി നഷ്‌ടമാവുക ഈ ആളുകള്‍ക്ക്; പ്രവചിച്ച് സാം ആള്‍ട്ട്‌മാന്‍

By: 600007 On: Sep 24, 2025, 9:22 AM

 

 

കാലിഫോര്‍ണിയ: ഏതൊക്കെ ജോലികള്‍ എഐ കളയും? ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സമഗ്ര മേഖലകളിലും പിടിമുറുക്കിയതോടെ എല്ലാവരുടെയും മനസില്‍ ആധികളും ചോദ്യങ്ങളുമാണ്. എഐ രംഗത്തെ അതികായരില്‍ ഒരാളായ ഓപ്പണ്‍എഐയുടെ സിഇഒ സാം ആള്‍ട്ട്‌മാന്‍ ലോകത്തിന് ചില മുന്നറിയിപ്പുകള്‍ നല്‍കുകയാണ്. എഐ ഏതൊക്കെ തൊഴിലുകളാവും ആദ്യം മാറ്റിമറിക്കുക എന്നാണ് ആള്‍ട്ട്‌മാന്‍റെ പ്രവചനം. എഐ ആദ്യം കസ്റ്റമര്‍ സര്‍വീസ്/സപ്പോര്‍ട്ട് ജോലികളാവും കളയുക എന്നാണ് സാം ആള്‍ട്ട്‌മാന്‍റെ നിരീക്ഷണം.

ഫോണിലൂടെയോ കമ്പ്യൂട്ടര്‍ വഴിയോ ഉള്ള നിലവിലെ കസ്റ്റര്‍ സപ്പോര്‍ട്ട് ജോലികളെയാവും എഐ ആദ്യം കൈക്കലാക്കുക. കസ്റ്റമര്‍ സപ്പോര്‍ട്ട് ജോലികള്‍ ചെയ്യുന്ന നിരവധി പേര്‍ക്ക് ജോലി നഷ്‌ടമാകും. പ്രോഗ്രാമര്‍മാരായിരിക്കും തൊഴില്‍ നഷ്‌ടപ്പെടുന്ന മറ്റൊരു വിഭാഗം. ഓരോ 75 വര്‍ഷം കൂടുമ്പോഴും ജോലികളില്‍ ശരാശരി 50 ശതമാനത്തിന്‍റെ മാറ്റം വരാറുണ്ട് എന്നാണ് അടുത്തിടെ ആരോ ഒരാള്‍ എന്നോട് പറഞ്ഞത് എന്നും സാം ആള്‍ട്ട്‌മാന്‍ ദി ടക്കര്‍ കാള്‍സണ്‍ ഷോയില്‍ വ്യക്തമാക്കി. എന്നാല്‍ മനുഷ്യര്‍ ആവശ്യമായ കസ്റ്റമര്‍ സര്‍വീസ്/സപ്പോര്‍ട്ട് ജോലികള്‍ പൂര്‍ണമായും അപ്രത്യക്ഷമാകുമെന്ന മുന്‍ നിലപാടില്‍ നിന്ന് സാം ആള്‍ട്ട്‌മാന്‍ പിന്നോട്ടുപോയിട്ടുണ്ട്. എഐയോ റോബോട്ടോ നല്‍കുന്ന നിര്‍ദേശങ്ങള്‍ എത്ര നല്ലതായാലും അല്ലെങ്കിലും അതിനെ വരുംകാലത്ത് ആശ്രയിക്കേണ്ടിവരുമെന്നും ആള്‍ട്ട്‌മാന്‍ കൂട്ടിച്ചേര്‍ത്തു. നഴ്‌സിംഗ് പോലെ മനുഷ്യബന്ധം ആവശ്യമുള്ള റോളുകൾ എഐ കാലത്തും അപ്രത്യക്ഷമാകാൻ സാധ്യതയില്ലെന്നും ആള്‍ട്ട‌്‌മാന്‍ പറയുന്നു.

കസ്റ്റമര്‍ സര്‍വീസ് ജോലികള്‍ എഐ ഏറ്റെടുക്കുമെന്ന വാര്‍ത്ത ഇതാദ്യമല്ല. കമ്പനിയുടെ എല്ലാ കസ്റ്റമര്‍ സപ്പോര്‍ട്ട് സംവിധാനവും എഐയിലേക്ക് മാറ്റുകയാണ് ലക്ഷ്യമെന്ന് ഒറാക്കിള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ സപ്പോര്‍ട്ട് ടീമില്‍ നിന്ന് 4000 ലൈവ് ഏജന്‍റുമാരെ ഒഴിവാക്കുന്ന കാര്യം സെയില്‍സ്‌ഫോഴ്‌സ് സിഇഒ അടുത്തിടെ സൂചിപ്പിച്ചിരുന്നു.