ഒക്ടോബര്‍ 1 മുതല്‍ വിമാനങ്ങളില്‍ പവര്‍ ബാങ്ക് ഉപയോഗം നിരോധിച്ച് എമിറേറ്റ്‌സ് 

By: 600002 On: Sep 23, 2025, 10:03 AM

 

 

അടുത്ത മാസം മുതല്‍ വിമാന യാത്രകളിലെ നിയമങ്ങളില്‍ മാറ്റം വരുത്തി ദുബായ് വിമാനക്കമ്പനിയായ എമിറേറ്റ്‌സ്. ഒക്ടോബര്‍ 1 മുതല്‍ വിമാനത്തിനുള്ളില്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിക്കുമെന്ന് വിമാനക്കമ്പനി അറിയിച്ചു. പവര്‍ ബാങ്ക് ഉപയോഗിച്ച് മൊബൈല്‍ ഫോണുകളോ മറ്റ് ഉപകരണങ്ങളോ ചാര്‍ജ് ചെയ്യാനോ വിമാനത്തിലെ വൈദ്യുതി സ്രോതസ്സുകള്‍ ഉപയോഗിച്ച് പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനോ അനുവാദമുണ്ടായിരിക്കില്ല. യാത്രക്കാര്‍ക്ക് ചില നിബന്ധനകളോടെ പവര്‍ ബാങ്ക് കൈവശം വെക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ക്യാബിനിലിരിക്കുമ്പോള്‍ ഇത് ഉപയോഗിക്കരുത്. 

എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് 100Whല്‍ താഴെ ശേഷിയുള്ള ഒരു പവര്‍ ബാങ്ക് കൈവശം വെക്കാം, വിമാനത്തിനുള്ളില്‍ വ്യക്തിഗത ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല,
വിമാനത്തിലെ വൈദ്യുതി സ്രോതസ്സുകള്‍ ഉപയോഗിച്ച് പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യുന്നത് അനുവദനീയമല്ല, യാത്രയില്‍ കൊണ്ടുപോകുന്ന എല്ലാ പവര്‍ ബാങ്കുകള്‍ക്കും അതിന്റെ ശേഷി വ്യക്തമാക്കുന്ന വിവരങ്ങള്‍ ഉണ്ടായിരിക്കണം, പവര്‍ ബാങ്കുകള്‍ വിമാനത്തിലെ ഓവര്‍ഹെഡ് സ്റ്റോവേജ് ബിന്നില്‍ വെക്കാന്‍ പാടില്ല, പകരം, സീറ്റ് പോക്കറ്റിലോ മുന്നിലുള്ള സീറ്റിനടിയിലെ ബാഗിലോ വെക്കണം, ചെക്ക്-ഇന്‍ ലഗേജില്‍ പവര്‍ ബാങ്കുകള്‍ അനുവദനീയമല്ല (നിലവിലുള്ള നിയമം) തുടങ്ങിയവയാണ് പുതിയ നിയമങ്ങള്‍. 

സമീപകാലത്ത് പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇത് വ്യോമയാന മേഖലയിലുടനീളമുള്ള വിമാനങ്ങളില്‍ ലിഥിയം ബാറ്ററി സംബന്ധമായ അപകടങ്ങളുടെ എണ്ണത്തിലും വര്‍ധനവിന് കാരണമായി. ഈ അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനായി സമഗ്രമായ ഒരു സുരക്ഷാ അവലോകനത്തിന് ശേഷമാണ് എയര്‍ലൈന്റെ ഈ തീരുമാനം.