അമേരിക്കയില്‍ നിന്ന് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും സ്വീകരിച്ച് ബ്രിട്ടീഷ് കൊളംബിയ. അമേരിക്കയിലെ ആരോഗ്യ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതി വിജയം കൈവരിച്ചതായി ബീസി സര്‍ക്കാര്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി മെയ് മുതല്‍ 140 അമേരിക്കന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി വാഗ്ദാനങ്ങള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി ജോസി ഓസ്‌ബോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബീസിയിലെ ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുക എന്നതാണ് ലക്ഷ്യം.
നിലവില്‍ വാഗ്ദാനം സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ എട്ട് അലൈഡ് ഹെല്‍ത്ത് പ്രൊഫഷണലുകള്‍, 80 നഴ്‌സുമാര്‍, 16 നഴ്‌സ് പ്രാക്ടീഷണര്‍മാര്‍, 38 ഡോക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നുവെന്ന് ഓസ്‌ബോണ്‍ വിശദീകരിച്ചു. ഇതുവരെ, 1400 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ഏകദേശം 3,000 ആരോഗ്യ പ്രവര്‍ത്തകര്‍ ബീസിയില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ ഡോക്ടര്‍മാര്‍ക്ക് ബീസിയില്‍ വേഗത്തില്‍ ലൈസന്‍സ് നേടാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. നഴ്‌സുമാര്‍ക്കുള്ള അപേക്ഷാ നടപടികള്‍ നാല് മാസത്തില്‍ നിന്ന് ഏതാനും ദിവസങ്ങളായി കുറച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി.