ലോട്ടറി അടിച്ചതോടെ ക്യൂബെക്കിലെ ഒരു ചെറിയ ഗ്രാമം ഇന്ന് കോടീശ്വരന്മാരുടെ നാടായി മാറി.
ക്യൂബെക്കിലെ സെൻ്റ് പോൾസ് റിവർ എന്ന ചെറുഗ്രാമമാണ് ഒരൊറ്റ രാത്രിയിൽ കോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടിയത്.
സെപ്റ്റംബർ ആദ്യ ആഴ്ചയിലാണ് ഡെല്ല സ്പിങിളിനും ഭർത്താവ് ചെസ്ലി ഗ്രിഫിനും ലോട്ടറി അടിച്ചു എന്ന ആ വലിയ വിജയവാർത്ത അറിഞ്ഞത്. അവർ നടത്തുന്ന ജനറൽ സ്റ്റോറിലെ ഒരു ജീവനക്കാരിയാണ് സ്പിങിൾ ഉൾപ്പെടുന്ന ഗ്രൂപ്പിന് 50 മില്ല്യൺ ഡോളർ, ഏകദേശം ₹417 കോടി ലഭിച്ചതായി അറിയിച്ചത്. 150 പേരോളം മാത്രം താമസിക്കുന്ന മത്സ്യബന്ധന ഗ്രാമത്തിൽ കഴിഞ്ഞ ഇരുപത് വർഷമായി 14 പേരടങ്ങുന്ന ഒരു സംഘം ചേർന്ന് ലോട്ടറികൾ വാങ്ങിക്കൊണ്ടിരിക്കുകയാണ്. അതിൻ്റെ ഫലമായാണ് 50 മില്ല്യൺ ഡോളറിൻ്റെ Lotto Max ജാക്ക്‌പോട്ട് ഇവരെ തേടിയെത്തിയത്. ഇതോടെ ഗ്രാമത്തിലെ ഏകദേശം 10 ശതമാനം പേര്‍ കോടീശ്വരന്മാരായി. തങ്ങൾക്ക് ഓരോരുത്തർക്കും കിട്ടിയത് 3.5 മില്ല്യൺ ഡോളർ ഏകദേശം ₹29 കോടി ആണെന്ന് വിശ്വസിക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു എന്ന് സ്പിങിൾ പറഞ്ഞു. 14 വിജയികളിൽ 13 പേരും സെൻ്റ് പോൾസ് റിവറിലാണ് താമസിക്കുന്നത്. ഗ്രാമം സ്ഥിതി ചെയ്യുന്നത് ബോൺ-എസ്പെറൻസ് മുനിസിപ്പാലിറ്റിയിലാണ്. ടിക്കറ്റ് വിറ്റ ജനറൽ സ്റ്റോർ ഉടമയായ ഗ്രിഫിനിന് കമ്മീഷനായി 5 ലക്ഷം ഡോളർ ലഭിക്കും. ഇത് വിശ്വസിക്കാൻ പോലും പ്രയാസമാണ് എന്നും ഒരു ഗ്രാമത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ മുഴുവനായും ഉയർത്തുന്ന വിജയം തന്നെയാണ് ഇത് എന്നും സെൻ്റ് പോൾസ് റിവർ മേയർ പ്രതികരിച്ചു