കാൽഗറി നഗരമധ്യത്തിൽ രണ്ട് ട്രാൻസിറ്റ് പീസ് ഓഫീസർമാർക്ക് നേരെ കരടി സ്‌പ്രേ ഉപയോഗിച്ച് ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ 6.45ഓടെ മക്ലിയോഡ് ട്രെയിൽ 6-ാം അവന്യൂ എസ്.ഇ. പ്രദേശത്ത് വെച്ചാണ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടന്നത്. ഓഫീസർമാരെ കരടി സ്‌പ്രേ കൊണ്ട് ആക്രമിച്ച ശേഷം പ്രതികൾ ഓടിപ്പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് പ്രതികളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും, പൊതുജനങ്ങൾക്ക് ഭീഷണി ഒന്നുമില്ലെന്നും പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് നഗരമധ്യത്തിലെ ട്രാൻസിറ്റ് സർവീസുകൾ കുറച്ചുസമയം തടസ്സപ്പെട്ടിരുന്നു. 2024-ൽ നടന്ന നിരവധി കരടി സ്‌പ്രേ ആക്രമണങ്ങൾക്കു ശേഷം 2025 ജൂണിൽ കാൽഗറി പബ്ലിക് ബിഹേവിയർ ബൈലോയിൽ ഭേദഗതി വരുത്തിയിരുന്നു. നിയമപരമായ ആവശ്യങ്ങൾക്ക് ഒഴികെ ആയുധങ്ങൾ, അപകടകാരമായ ദ്രാവകങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിക്കുന്നതാണ് പുതിയ ഭേദഗതി. നഗരത്തിൽ ഇത്തരം സംഭവങ്ങൾ വർധിച്ചുവരുന്നതായി പൊലീസ് വ്യക്തമാക്കി.