മെട്രോ വാന്‍കുവറില്‍ സ്പൂഫിംഗ് തട്ടിപ്പ്: മുന്നറിയിപ്പ് നല്‍കി പോലീസ്

By: 600002 On: Sep 22, 2025, 9:59 AM

 


മെട്രോ വാന്‍കുവറില്‍ സ്പൂഫിംഗ് തട്ടിപ്പിനെക്കുറിച്ച് താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി പോലീസ്. വിവിധ കുതന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ താമസക്കാരെ കബളിപ്പിക്കുന്നത്. പോലീസിന്റെ നോണ്‍-എമര്‍ജന്‍സി ഫോണ്‍ നമ്പര്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതായി റിച്ച്മണ്ട് ആര്‍സിഎംപി പ്രസ്താവനയില്‍ പറഞ്ഞു. കോളര്‍ ഐഡി സ്പൂഫിംഗ് എന്നാണ് ഈ തട്ടിപ്പ് അറിയപ്പെടുന്നത്.

കോള്‍ സ്വീകരിക്കുന്ന വ്യക്തിക്ക് കാണിക്കുന്ന കോളര്‍ ഐഡിയില്‍ മാറ്റം വരുത്തി വിളിക്കുന്നയാളുടെ ഐഡന്റിറ്റി മറയ്ക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നതെന്ന് ആര്‍സിഎംപി പറഞ്ഞു. 

നിയമാനുസൃതമായ കമ്പനിയില്‍ നിന്നോ സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നോ ഉള്ള കോള്‍ വരുന്നുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ സ്‌കാര്‍മാര്‍ പലപ്പോഴും ഈ രീതി ഉപയോഗിക്കുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഒരു ഇരയെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുകയും 4,000 ഡോളര്‍ ബിറ്റ്‌കോയിന്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് പറഞ്ഞു. ഇത്തരത്തില്‍ സംശയാസ്പ്ദമായ കോളുകള്‍ വന്നാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആധികാരികത പരിശോധിച്ച് കോള്‍ അറ്റന്‍ഡ് ചെയ്യണമെന്നും പോലീസ് പറഞ്ഞു.