2025 മുതൽ ഗ്രീൻ കാർഡ് ഉടമകൾക്ക് പുതിയ സിവിക്സ് ടെസ്റ്റ് നിർബന്ധം

By: 600110 On: Sep 20, 2025, 12:55 PM

അമേരിക്കൻ പൗരത്വത്തിനായി അപേക്ഷിക്കുന്ന ഗ്രീൻ കാർഡ് ഉടമകൾക്ക് ഇനി മുതൽ പുതുതായി രൂപപ്പെടുത്തിയ 2025 സിവിക്സ് ടെസ്റ്റ് എഴുതേണ്ടിവരും. അമേരിക്കൻ മൂല്യങ്ങളോട് പൂര്‍ണ്ണമായി ചേര്‍ന്ന് യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനായാണ് യുഎസ് അധികൃതരുടെ പുതിയ നടപടി. 2025 ഒക്‌ടോബര്‍ 20ന് ശേഷമാണ് ഫോം N-400 (നാചുറലൈസേഷന്‍ അപേക്ഷ) സമര്‍പ്പിക്കുന്ന വിദേശികള്‍ക്ക് ഈ പരീക്ഷ ബാധകമാകുന്നത്.

USCIS നടത്തുന്ന 2025 സിവിക്സ് ടെസ്റ്റിൽ , 128 ചോദ്യങ്ങളുടെ പട്ടികയില്‍നിന്ന് 20 ചോദ്യങ്ങളാണ് ചോദിക്കുക. അതില്‍ 12 ഉത്തരം ശരിയായി പറഞ്ഞാല്‍ പരീക്ഷയിൽ ജയിക്കാം. 20ല്‍ ഒൻപത് ചോദ്യങ്ങള്‍ക്ക് തെറ്റായ ഉത്തരം നല്‍കിയാല്‍ പരീക്ഷയില്‍ പരാജയപ്പെടും.  12 ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കിയാലോ, 9 തെറ്റായ ഉത്തരം നല്‍കിയാലോ പരീക്ഷകർത്താവ് തുടർചോദ്യങ്ങൾ ചോദിക്കാതെ പരീക്ഷ അവസാനിപ്പിക്കും. നിയമപരമായ സ്ഥിര താമസക്കാർ എന്നും അറിയപ്പെടുന്ന ഗ്രീൻ കാർഡ് ഉടമകൾക്ക് നാച്ചുറലൈസേഷൻ വഴി യുഎസ് പൗരത്വത്തിന് അപേക്ഷിക്കാം. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കൻ സമൂഹത്തിൻ്റെ ഭാഗമാകാൻ അനുവദിക്കുന്ന ഒരു പ്രത്യേക നടപടിയാണ് നാച്ചുറലൈസേഷൻ. ഓരോ പൗരനുമുള്ള പ്രധാനപ്പെട്ട അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഇതിലൂടെ  മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും ലഭിക്കും.