ഈമാസം ആദ്യം കാല്‍ഗറിയില്‍ നടന്ന മോഷണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഇരയുടെ ശ്രദ്ധതിരിച്ച് 10,000 ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണാഭരണമാണ് മോഷ്ടിക്കപ്പെട്ടത്. സെപ്റ്റംബര്‍ 13 ന് ഉച്ചയ്ക്ക് 12.30 ഓടെ 32 സ്ട്രീറ്റ് എന്‍ഇയിലെ പാര്‍ട്ട്‌സോഴ്‌സിന്റ പാര്‍ക്കിംഗ് ലോട്ടിലാണ് സംഭവം നടന്നത്. വാഹനത്തിലിരുന്നയാളെ അപരിചിതരായ സ്ത്രീയും പുരുഷനും സമീപിക്കുകയായിരുന്നു.
കാറിന്റെ വിന്‍ഡോയില്‍ പുരുഷന്‍ മുട്ടി. ഗ്ലാസ് താഴ്ത്തുന്നതിനിടയില്‍ സ്ത്രീ പാസഞ്ചര്‍ സൈഡിലെ സീറ്റില്‍ കയറി വ്യാജ നെക്ലെയ്‌സ് വെച്ചു. സ്ത്രീ കാറില്‍ കയറിയത് കണ്ട് വാഹന ഉടമ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ യഥാര്‍ത്ഥ സ്വര്‍ണാഭരണം മോഷ്ടിക്കപ്പെട്ടു. സ്ത്രീയും പുരുഷനും സ്ഥലത്ത് നിന്നും നീങ്ങിയതിന് ശേഷമാണ് തന്റെ സ്വര്‍ണ നെക്ലെയ്‌സ് മോഷ്ടിക്കപ്പെട്ടതായി ഉടമ മനസ്സിലാക്കിയത്.
ഉടന്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് 1 മണിക്കിടയില്‍ സ്ഥലത്തുണ്ടായിരുന്നവരോ ഡാഷ്‌കാമില്‍ ദൃശ്യങ്ങള്‍ കൈവശമുള്ളവരോ ഉണ്ടെങ്കില്‍ മുന്നോട്ടുവന്ന് വിവരങ്ങള്‍ നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.