പി പി ചെറിയാന്‍, ഡാളസ്
ന്യൂയോര്‍ക്/തിരുവല്ല: ഗാസയില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലയും വംശഹത്യയും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇതിനെതിരെ ആഗോളതലത്തില്‍ ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദവും പ്രതിഷേധം ഉയരണമെന്നു ഡോക്ടര്‍ തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത. സെപ്തംബര്‍ 19ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഗാസയിലെ സംഘര്‍ഷത്തിന് അയവു വരുന്നതിനും ആ മേഖലയില്‍ ശാശ്വത സമാധാനം കൈവരിക്കുന്നതിന് വേണ്ടി 2025 സെപ്റ്റംബര്‍ 23 ഞായറാഴ്ച മര്‍ത്തോമ സഭയുടെ എല്ലാ ദേവാലയങ്ങളിലും ആരാധന മധ്യേ പ്രത്യേക പ്രാര്‍ത്ഥന നടത്തുന്നതാണെന്നും ഡോക്ടര്‍ തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത അറിയിച്ചു.
തുടര്‍ച്ചയായ ആക്രമണങ്ങളില്‍ നിന്നും ഇസ്രയേല്‍ പിന്മാറാതെ കടുത്ത രീതിയിലുള്ള കര,വ്യോമ ആക്രമണങ്ങള്‍ തുടരുകയാണ്. 24 മണിക്കൂറിനുള്ളില്‍ എഴുപത്തഞ്ചിലധികം ആളുകളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. പതിനായിരങ്ങള്‍ പലായനം ചെയ്തുകൊണ്ടിരിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഏകദേശം 67000 ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി.
അവിടുത്തെ ആശുപത്രികളില്‍ ആവശ്യം വേണ്ട മരുന്നുകള്‍ ഇല്ല. ഭക്ഷണവും മരുന്നുകളും അവിടെ എത്തിക്കുവാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും കാത്തുകിടക്കുന്നണ്ടെങ്കിലും അവരെ ആ പ്രദേശത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. പത്തു ലക്ഷത്തോളം ഉള്ള ഗാസയിലെ ജനസംഖ്യയുടെ വലിയൊരു ശതമാനം ജനങ്ങളും പാലായനം ചെയ്തു കഴിഞ്ഞു. ഹമാസ് ഇസ്രായേലില്‍ കടന്നുകയറി ആയിരം ആളുകളെ കൊലപ്പെടുത്തിയതിന് പ്രതികാര നടപടിയായി ഇസ്രയേല്‍ ആരംഭിച്ച സംഘര്‍ഷം ഇപ്പോള്‍ അതിരുകടന്ന ക്രൂരതയായി ഇരിക്കുന്നു. ഗാസയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് യുഎന്‍ അന്വേഷണ കമ്മീഷന്‍ കഴിഞ്ഞദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
പാലസ്തീനിലെ ജനതയെ ഒന്നാകെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രണ്ടുവര്‍ഷമായി തുടരുന്ന ഈ ക്രൂരതയുടെ ഉത്തരവാദിത്വം പൂര്‍ണമായും അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കാണ് യുഎന്നിന്റെ പലസ്തീന്‍ അന്വേഷണകമ്മീഷന്‍ പ്രസ്താവിക്കുന്ന സ്ഥിതിവിശേഷം പോലുമുണ്ടായി. ആ പ്രദേശത്തെ ദീര്‍ഘനാളുകളായി നിലനില്‍ക്കുന്ന ദുരിതം അവസാനിക്കുവാന്‍ സഭാ സമൂഹങ്ങളും ശബ്ദമുയര്‍ത്തണം. ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായും സമാധാനം പുലരാനും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ഡോക്ടര്‍ തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു.