വര്‍ഷങ്ങളായി ബര്‍ലിംഗ്ടണ്‍ ക്ലിനിക്കില്‍ അണുവിമുക്തമാക്കാത്ത സിറിഞ്ചുകള്‍ ഉപയോഗിക്കുന്നു; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഹാല്‍ട്ടണ്‍ റീജിയണ്‍ പബ്ലിക് ഹെല്‍ത്ത് 

By: 600002 On: Sep 19, 2025, 10:36 AM

 

അണുവിമുക്തമാക്കാത്ത സൂചികള്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടെ നിരവധി രോഗപ്രതിരോധ നടപടികളില്‍ ബര്‍ലിംഗ്ടണിലെ വാക്ക്-ക്ലിനിക്ക് വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ട്. 2019 ജനുവരി 1 നും 2025 ജൂലൈ 17 നും ഇടയിലുള്ള കാലയളവില്‍, അണുവിമുക്തമല്ലാത്ത സൂചികള്‍ ഉപയോഗിച്ചതിനാല്‍ ചില രോഗികള്‍ക്ക് രക്തത്തിലൂടെ പകരുന്ന രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ഹാല്‍ട്ടണ്‍ റീജിയണ്‍ പബ്ലിക് ഹെല്‍ത്ത് മുന്നറിയിപ്പ് നല്‍കി. 

ലോക്കല്‍ അനസ്‌തേഷ്യ നല്‍കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകളുടെ കുപ്പികള്‍ ഇത്തരത്തില്‍ മലിനമാക്കപ്പെട്ടതാണ് പ്രശ്‌നത്തിന് കാരണം. ഈ കാലയളവില്‍ ചികിത്സ തേടിയവര്‍ ആരോഗ്യ വിദഗ്ധരെ സമീപിക്കണമെന്ന് ഹെല്‍ത്ത് ടീം നിര്‍ദ്ദേശിച്ചു. 

സംഭവത്തെ തുടര്‍ന്ന് ക്ലിനിക്കില്‍ അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ രോഗികള്‍ക്ക് യാതൊരു അപകടസാധ്യതയുമില്ലെന്നും ക്ലിനിക്ക് സാധാരണപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പബ്ലിക് ഹെല്‍ത്ത് വ്യക്തമാക്കി. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്‌ഐവി തുടങ്ങിയ രോഗങ്ങള്‍ക്കായി മുന്‍കരുതല്‍ പരിശോധന നടത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപിക ലോബോ അറിയിച്ചു.