ഒന്റാരിയോയില്‍ ശ്രദ്ധ തിരിച്ചുള്ള ആഭരണ മോഷണങ്ങള്‍ വര്‍ധിക്കുന്നു; പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പോലീസ് 

By: 600002 On: Sep 19, 2025, 10:02 AM

 

ഒന്റാരിയോയില്‍ സ്ത്രീ ധരിച്ചിരുന്ന വിലപിടിപ്പുള്ള ആഭരണങ്ങള്‍ ശരീരത്തില്‍ നിന്നും രഹസ്യമായി മോഷ്ടിക്കപ്പെട്ടതിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഒന്റാരിയോ പോലീസ്. പ്രവിശ്യയില്‍ ഇത്തരത്തില്‍ ശ്രദ്ധ തിരിച്ചുള്ള തട്ടിപ്പുകളും മോഷണങ്ങളും വര്‍ധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. മോഷണങ്ങള്‍ ലണ്ടന്‍ ഒന്റാരിയോ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം മോഷണങ്ങള്‍ വര്‍ധിച്ചുവെന്നും രണ്ട് തവണയായി പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായും പോലീസ് പറഞ്ഞു. 

കാനഡയിലെ വിവിധ നഗരങ്ങളിലെ പോലീസും ഇത്തരം കുറ്റകൃത്യങ്ങളില്‍ വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വഴി ചോദിക്കാനെന്ന വ്യാജേന കാറിലെത്തുന്ന മോഷണ സംഘം വിലപിടിപ്പുള്ള ആഭരണങ്ങള്‍ ധരിച്ചിരിക്കുന്നവരെ ലക്ഷ്യം വെച്ച് അടുത്തെത്തി സംസാരിച്ച് ഇവരുടെ ശ്രദ്ധ തിരിച്ച് മോഷണങ്ങള്‍ നടത്തുകയാണ് ചെയ്യുന്നത്. പ്രായമായ സ്ത്രീകളെയാണ് ഇവര്‍ കൂടുതലായും ലക്ഷ്യമിടുന്നത്. 

2024 നെ അപേക്ഷിച്ച് ഈ വര്‍ഷം ശ്രദ്ധ തിരിച്ചുള്ള മോഷണങ്ങളില്‍ 1,235 ശതമാനം വര്‍ധനവുണ്ടായതായി ടൊറന്റോ പോലീസ് ഈ മാസം ആദ്യം റിപ്പോര്‍ട്ട് ചെയ്യുകയും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.