മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ജീത്തു ജോസഫിൽ നിന്നും എപ്പോഴും ദൃശ്യം പോലെയൊരു മികച്ച ത്രില്ലർ സിനിമ പ്രതീക്ഷിക്കാറുണ്ട്. അതുകൊണ്ട് തന്നെ 'ദൃശ്യം 3'ക്ക് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും മലയാള സിനിമ പ്രേക്ഷകരും. ആദ്യ രണ്ട് ഭാഗങ്ങൾ വലിയ വാണിജ്യ വിജയമായിരുന്നത് കൊണ്ട് തന്നെ മൂന്നാം ഭാഗം ഭാഗം വരുമ്പോൾ എന്തൊക്കെ സസ്പെൻസ് ആണ് ചിത്രത്തിലുള്ളത് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്.
അതേസമയം ചിത്രത്തിന്റെ റീമേക്കുകൾ അന്യഭാഷകളിലും പുറത്തിറങ്ങിയിരുന്നു. അജയ് ദേവ്ഗൺ ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയിരുന്നത്. ശ്രിയ ശരണും തബുവും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിൽ ദൃശ്യം 3 വരുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ദൃശ്യം 3 ഹിന്ദി പതിപ്പ് ആദ്യം എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ അതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. മലയാളത്തിന്റെ സ്‌ക്രിപ്പിറ്റിന് വേണ്ടി അവർ കാത്തിരിക്കുകയാണെന്നാണ് ജീത്തു ജോസഫ് പറയുന്നത്.
"മലയാളം ആണ് ആദ്യം വരുന്നത്, നമ്മുടെ സ്ക്രിപ്റ്റിന് വേണ്ടി അവർ കാത്തിരിക്കുകയാണ്. അവർ സ്വന്തമായിട്ട് ചെയ്‌താൽ നമ്മൾ ലീഗൽ ആയിട്ട് നീങ്ങേണ്ടിവരും." ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജീത്തു ജോസഫിന്റെ പ്രതികരണം.