മൂന്ന് വിമാനങ്ങൾക്ക് നേരെയുണ്ടായ ബോംബ് ഭീഷണിയെ നേരിട്ടതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്.
കൽഗറിയിൽ ഇറങ്ങാനിരുന്ന ജർമ്മനിയിൽ നിന്നുള്ള മൂന്ന് യാത്രാവിമാനങ്ങൾക്ക് നേരെയായിരുന്നു ബോംബ് ഭീഷണി ഉണ്ടായത്. തുടർന്ന് അടിയന്തര സാഹചര്യം നേരിടാൻ യുദ്ധവിമാനങ്ങൾ വരെ തയ്യാറായി രംഗത്തെത്തിയിരുന്നു. ഇതിൻ്റെ ഭാഗമായിട്ടായിരുന്നു വൈകുന്നേരം നഗരത്തിന് മുകളിലൂടെ അപൂർവമായി യുദ്ധവിമാനങ്ങൾ പറന്നത്.
CF-18, F-15 ഫൈറ്റർ ജെറ്റുകളും ഒരു ഇന്ധന ടാങ്കർ വിമാനവും ആകാശത്ത് പ്രത്യക്ഷപ്പെട്ടതിൻ്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നോർത്ത് അമേരിക്കൻ എയറോസ്പേസ് ഡിഫൻസ് കമാൻഡ് (NORAD) സ്ഥിരീകരിച്ചതനുസരിച്ച്, സുരക്ഷാ ഭീഷണി വിവരം ലഭിച്ചതിനെ തുടർന്ന് സൈനിക വിമാനങ്ങൾ ഉടൻ പറന്നുയർന്ന് മൂന്ന് യാത്രാവിമാനങ്ങളെയും സുരക്ഷിതമായി കാൽഗറി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു. പിന്നീട് നടത്തിയ പരിശോധനയിൽ ഭീഷണികൾ വ്യാജമെന്ന് കണ്ടെത്തി. NORADൻ്റേത് കാര്യക്ഷമമായ ഇടപെടൽ ആയിരുന്നു എന്നാണ് കൽഗറി സർവകലാശാലയിലെ സൈനിക-സുരക്ഷാ പഠന കേന്ദ്രം ഡയറക്ടർ റോബ് ഹ്യൂബർട്ട് പറഞ്ഞത്. കാനഡയും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധകാലം മുതലുള്ള ശക്തമായ സഹകരണത്തിൻ്റെ ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി