കാര്‍ വാങ്ങുന്നവരായി ചമഞ്ഞ് വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുകയും ടെസ്റ്റ് ഡ്രൈവിനിടെ വില്‍പ്പനക്കാരന്റെ കഴുത്തില്‍ കുത്തുകയും ചെയ്ത രണ്ട് വിന്‍സര്‍ സ്വദേശികളെ അറസ്റ്റ് ചെയ്തതായി പീല്‍ റീജിയണല്‍ പോലീസും വിന്‍സര്‍ പോലീസും അറിയിച്ചു. ഇന്ത്യന്‍ വംശജരായ സിമ്രന്‍ജീത് സിംഗ്(22), പാര്‍തീക് എഹിതാന്‍(20) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ കൊലപാതകശ്രമം, കവര്‍ച്ച, ഗുരുതരമായ ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി പോലീസ് അറിയിച്ചു.
മെയ് 10 ന് ആയിരുന്നു സംഭവം നടന്നത്. വില്‍പ്പനക്കാരന്‍ ഡോഡ്ജ് ചലഞ്ചര്‍ വില്‍പ്പനയ്ക്കായി ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ വാഹനം വാങ്ങാനെന്ന വ്യാജേനയെത്തിയതായിരുന്നു പ്രതികള്‍. ടെസ്റ്റ് ഡ്രൈവ് ചെയ്യാനായി ഒരാള്‍ കാറില്‍ കയറുകയും രണ്ടാമത്തെയാള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഇരയെ ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനത്തില്‍ നിന്നും ഇറങ്ങാനുള്ള വില്‍പ്പനക്കാരന്റെ ആവശ്യം നിരസിക്കുകയും കഴുത്തില്‍ കുത്തിപ്പരുക്കേല്‍പ്പിച്ച് വാഹനവുമായി പ്രതികള്‍ കടന്നുകളയുകയുമായിരുന്നുവെന്ന് പീല്‍ റീജിയണല്‍ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ പ്രതിയെ ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് അടുത്ത ദിവസം വിന്‍സറില്‍ നിന്നും വാഹനം കണ്ടെത്തി. നീണ്ട അന്വേഷണത്തിനൊടുവില്‍ സെപ്റ്റംബര്‍ 11 ന് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു.