ജമൈക്കയിലേക്ക് പോകുന്ന പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കാനഡ 

By: 600002 On: Sep 17, 2025, 8:53 AM

 

ജനപ്രിയ ബീച്ച് ഡെസ്റ്റിനേഷനായ ജമൈക്കയിലേക്ക് യാത്രയ്‌ക്കൊരുങ്ങുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് യാത്രാ മുന്നറിയിപ്പ് നല്‍കി കനേഡിയന്‍ സര്‍ക്കാര്‍. അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ നിരക്ക് ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ ജമൈക്കയിലേക്ക് പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ജമൈക്കയില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പോലീസിന്റെ സാന്നിധ്യമുണ്ടെങ്കിലും ഇവ കാര്യക്ഷമമാകുന്നില്ലെന്ന് യാത്രാ ഉപദേശത്തില്‍ പറയുന്നു. 

കിംഗ്സ്റ്റണ്‍, മോണ്ടെഗോ ബേ തുടങ്ങി ചില ഭാഗങ്ങള്‍ ഉള്‍പ്പെടെ വലിയ നഗരങ്ങളിലും വിനോദസഞ്ചാര മേഖലകളിലും സായുധ കൊള്ളയും കൊലപാതകവും ഉള്‍പ്പെടെയുള്ള അക്രമ കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് സഞ്ചാരികള്‍ക്ക് അപകടമുണ്ടാക്കുമെന്നും യാത്രാ ഉപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

മയക്കുമരുന്ന്, ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം, തോക്കുകളുടെ വലിയ തോതിലുള്ള ലഭ്യത തുടങ്ങിയവ പ്രശ്‌നം രൂക്ഷമാക്കുന്നു. ഇതും സന്ദര്‍ശകര്‍ക്ക് അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. രാത്രികാലങ്ങളില്‍ സഞ്ചരിക്കുന്നത് ഒഴിവാക്കുക, പ്രാദേശിക അധികാരികളുടെ ഉപദേശം പാലിക്കുക, ഒറ്റയ്ക്ക് നടക്കുന്നത് ഒഴിവാക്കി കൂട്ടമായി പുറത്തുപോവുക, ഒറ്റപ്പെട്ട ബീച്ചുകളും പ്രദേശങ്ങളും സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളും യാത്രക്കാരുടെ സുരക്ഷയ്ക്കായി മുന്നോട്ടുവെച്ചിട്ടുണ്ട്.