കനേഡിയന്‍ ബാലസാഹിത്യകാരന്‍ റോബര്‍ട്ട് മണ്‍ഷിന് മെഡിക്കല്‍ അസിസ്റ്റന്‍സ് ഇന്‍ ഡൈയിംഗിന് അനുമതി നല്‍കി

By: 600002 On: Sep 16, 2025, 12:09 PM

 


'ലവ് യു ഫോര്‍എവര്‍', 'ദി പേപ്പര്‍ ബാഗ് പ്രിന്‍സസ്', 'മോര്‍ട്ടിമര്‍' തുടങ്ങിയ കുട്ടികളുടെ പുസ്തകങ്ങളുടെ രചയിതാവായ പ്രിയ കനേഡിയന്‍ എഴുത്തുകാരന്‍ റോബര്‍ട്ട് മന്‍ഷിന്(80) മരണം വരിക്കാന്‍ മെഡിക്കല്‍ അസിസ്റ്റന്‍സ് ഇന്‍ ഡൈയിംഗിന് അംഗീകാരം നല്‍കി. ഡിമെന്‍ഷ്യ രോഗനിര്‍ണയം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം MAiD യ്ക്ക് അപേക്ഷിച്ചത്. ഈ അപേക്ഷയാണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. 

മെഡിക്കല്‍ അസിസ്റ്റന്‍സ് ഇന്‍ ഡൈയിംഗിന് രോഗികള്‍ സമ്മതം നല്‍കിയിരിക്കണമെന്ന് കനേഡിയന്‍ നിയമം അനുശാസിക്കുന്നുണ്ട്. MAid യ്ക്കുള്ള തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ലൂ ഗെറിഗ് രോഗം ബാധിച്ച് തന്റെ ഒരു സഹോദരന്‍ വേദനയില്‍ പുളഞ്ഞ് പതുക്കെ മരണത്തിലേക്ക് വീണതിന് ശേഷമാണ് തന്റെ തീരുമാനമെന്ന് മന്‍ഷ് പറഞ്ഞു. ദീര്‍ഘകാലം കഷ്ടപ്പെടാതിരിക്കാനുള്ള ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു അപേക്ഷ നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗിലാണ് മന്‍ഷ് ജനിച്ചത്. 1975 ല്‍ കാനഡയിലേക്ക് താമസം മാറി. 70 ല്‍ അധികം കുട്ടികളുടെ പുസ്‌കങ്ങള്‍ എഴുതിയിട്ടുണ്ട്. വടക്കേ അമേരിക്കയിലുടനീളം ദശലക്ഷകണക്കിന് കോപ്പികളാണ് വിറ്റത്. 20 ഓളം ഭാഷകളിലേക്ക് പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2021 ലാണ് ഡിമെന്‍ഷ്യ രോഗം സ്ഥിരീകരിച്ചത്. അന്നുമുതല്‍ രോഗത്തെയും അതിനോടൊപ്പമുള്ള ശാരീരിക വെല്ലുവിളികളെയും നേരിടുന്നതില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ വെല്ലുവിളികള്‍ക്കിടയിലും പുസ്തകങ്ങള്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ കൂട്ട്. 2024 ല്‍ 'ബൗണ്‍സ്'  എന്ന കൃതി പ്രസിദ്ധീകരിച്ചു. ഈ വര്‍ഷം ഫാള്‍ സീസണില്‍ 'ദി പെര്‍ഫക്റ്റ് പേപ്പര്‍ എയര്‍പ്ലെയ്ന്‍'  എന്ന മറ്റൊരു പുസ്തകം പ്രസിദ്ധീകരിക്കാനിരിക്കുകയാണ്.