സറേയിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്നവരെക്കുറിച്ച് വിവരം നല്കുന്നവർക്ക്   2.5 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ബിസി സർക്കാർ

By: 600110 On: Sep 16, 2025, 11:47 AM

സറേയിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്നവരെക്കുറിച്ച് വിവരം നല്കുന്നവർക്ക്   2.5 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ബിസി സർക്കാർ. ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന സംഭവങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് ഇത്. സറെ നഗരത്തിൽ വ്യാപാരികളിൽ നിന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയുള്ള കൊള്ള  വർദ്ധിച്ചതിനെ തുടർന്ന്, മേയർ ബ്രെൻഡ ലോക്കും സറെ പൊലീസ് സർവീസ് ചീഫ് കോൺസ്റ്റബിൾ നോം ലിപ്പിൻസ്കിയും ചേർന്നാണ് പുതിയ നടപടികൾ പ്രഖ്യാപിച്ചത്.  കുറ്റക്കാരെ പിടികൂടാനും ശിക്ഷിക്കാനും സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം ലഭിക്കും.

നഗരത്തിൽ കൊള്ളയടി സംഘങ്ങൾ പിടിമുറുക്കാൻ അനുവദിക്കില്ല എന്ന് മേയർ ബ്രെൻഡ ലോക്ക് വ്യക്തമാക്കി. പ്രധാനമായും ദക്ഷിണേഷ്യൻ വംശജരുടെ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് ഇത്തരം ഭീഷണികൾ സമീപകാലത്ത് ഉയർന്നുവരുന്നതെന്ന് പൊലീസ് അറിയിച്ചു. നിലവിൽ നഗരത്തിലുണ്ടായ 44 കൊള്ളയടിക്കൽ കേസുകളും ഇതിനോടനുബന്ധിച്ചുണ്ടായ 27 വെടിവയ്പ്പുകളും സറേ പോലീസ്  അന്വേഷിക്കുന്നുണ്ടെന്ന് ലോക്ക് പറഞ്ഞു. സറെ പൊലീസിൻ്റെ അന്വേഷണത്തിൽ പുരോഗതിയുണ്ടെന്ന് ചീഫ് കോൺസ്റ്റബിൾ നോം ലിപ്പിൻസ്കി അറിയിച്ചു. ഇതുമായി ബന്ധമുള്ള ചില വ്യക്തികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാരിതോഷിക പ്രഖ്യാപനത്തിലൂടെ അന്വേഷണവുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.