500 മില്യണ്‍ ഡോളറിന്റെ ബ്രെഡ് പ്രൈസ് ഫിക്‌സിംഗ് സെറ്റില്‍മെന്റ്: അര്‍ഹതയുള്ള കനേഡിയന്‍ ഉപഭോക്താക്കള്‍ക്ക് കോംപന്‍സേഷന് അപേക്ഷിക്കാം 

By: 600002 On: Sep 15, 2025, 12:44 PM

 


ബ്രെഡിന്റെ വിലനിര്‍ണയവുമായി ബന്ധപ്പെട്ട കേസില്‍ 500 മില്യണ്‍ ഡോളറിന്റെ ഒത്തുതീര്‍പ്പിന് തങ്ങളുടെ ഓഹരി ലഭ്യമാക്കാന്‍ കനേഡിയന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുങ്ങുന്നു. ലോബ്ലാവ് കോസ് ലിമിറ്റഡും അതിന്റെ മാതൃകമ്പനിയായ ജോര്‍ജ് വെസ്റ്റണ്‍ ലിമിറ്റഡും ഉള്‍പ്പെടുന്ന അംഗീകൃത ഒത്തുതീര്‍പ്പില്‍ ക്ലെയിം പ്രോസസ് തുറന്നിട്ടുണ്ടെന്ന് സ്‌ട്രോസ്ബര്‍ഗ് വിംഗ്ഫീല്‍ഡ് സാസോ എല്‍എല്‍പിയും ഓര്‍ ടെയ്‌ലര്‍ എല്‍എല്‍പിയും അറിയിച്ചു. 

ക്ലെയിം കോംപന്‍സേഷന്‍ ലഭിക്കുന്നതിന് 2001 ജനുവരി 1 നും 2021 ഡിസംബര്‍ 31 നും ഇടയില്‍ വ്യക്തിഗത ഉപയോഗത്തിനായി പാക്കേജ് ചെയ്ത ബ്രെഡ്( ബണ്‍സ്, റോളുകള്‍, ബാഗെല്‍സ്, നാന്‍, ഇംഗ്ലീഷ് മഫിന്‍, റാപ്പുകള്‍, പിറ്റ, ടോര്‍ട്ടില) വാങ്ങിയ അര്‍ഹരായ കനേഡിയന്‍ ഉപഭോക്താക്കള്‍ ഡിസംബര്‍ 12 നകം പൂരിപ്പിച്ച ക്ലെയിം ഫോം സമര്‍പ്പിക്കണം. വാങ്ങിയതിന്റെ തെളിവ് ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിക്കുന്നു. 

2021 ഡിസംബര്‍ 31 വരെ ക്യുബെക്കിന് പുറത്ത് കാനഡയിലെവിടെയും താമസിച്ചിവര്‍ക്ക് CanadianBreadSettilement.ca യിലും ആ കാലയളവില്‍ പ്രവിശ്യയില്‍ താമസിച്ചവര്‍ക്ക് QuebecBreadSettlement.ca യിലും ഫോമുകള്‍ ഓണ്‍ലൈനായി ലഭിക്കും.