നഗരത്തിലെ ഒരു ഇംപൗണ്ട് ലോട്ടില്‍ നിന്നും തന്റെ മോഷ്ടിക്കപ്പെട്ട വാഹനം വീണ്ടെടുക്കാന്‍ 450 ഡോളറില്‍ കൂടുതല്‍ ഈടാക്കേണ്ടി വന്നതായി കാല്‍ഗറി സ്വദേശി. സൗത്ത് ഈസ്റ്റ് കാല്‍ഗറിയിലെ ഫ്രാന്‍സ്വേ പീജിയണ്‍ എന്നയാളുടെ കാറാണ് സെപ്റ്റംബര്‍ 3ന് മോഷ്ടിക്കപ്പെട്ടത്. വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ മോഷ്ടിക്കപ്പെടുകയായിരുന്നു.
പോലീസ് പിന്നീട് വാഹനം അന്വേഷിച്ച് കണ്ടെത്തുകയും മോഷ്ടാവെന്ന് സംശയിക്കപ്പെടുന്നൊരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ തന്റെ കാര്‍ തിരികെ ലഭിക്കാന്‍ വലിയ തുക ചെലവാക്കേണ്ടി വരുമെന്ന് അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് പീജിയണ്‍ പറഞ്ഞു. 450 ഡോളറാകുമെന്ന് പറഞ്ഞപ്പോള്‍ തനിക്ക് അത് വിശ്വസിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ക്കിംഗ് നിയമം ലംഘിക്കുന്നതും മോഷ്ടിക്കപ്പെട്ട് കണ്ടെത്തുന്നതുമായ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന മക്ലിയോഡ് ട്രെയിലിന് പുറത്തുള്ള ഇംപൗണ്ട് ലോട്ടിലേക്ക് പീജിയണിന്റെ വാഹനം കൊണ്ടുപോയി. മോഷ്ടിക്കപ്പെട്ട വാഹനമായിരുന്നിട്ടും സ്വന്തം വാഹനം സൂക്ഷിക്കാനായി പീജിയണിന് ബില്‍ ചുമത്തിയെന്നത് അത്ഭുതകരമാണ്. താന്‍ ഒരു കുറ്റകൃത്യത്തിന് ഇരയാണ്. ഇത് നീതിയല്ല. പൗരന്മാരുടെ നിര്‍ഭാഗ്യത്തില്‍ നിന്നും സിറ്റി ലാഭം കൊയ്യുകയാണെന്ന് പീജിയണ്‍ ആരോപിച്ചു.
അതേസമയം, ഉടമയ്‌ക്കോ അവരുടെ ഇന്‍ഷുറന്‍സ് കമ്പനിക്കോ വീണ്ടെടുക്കാന്‍ കഴിയുന്നത് വരെ വാഹനം സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുവാനുള്ള ചെലവ് ഈ ഫീസിലൂടെ ലഭിക്കുന്നുവെന്നാണ് സിറ്റിയുടെ വിശദീകരണം. താഴ്ന്ന വരുമാനക്കാരെ സഹായിക്കുന്നതിനായി ഒരു ഫെയര്‍ എന്‍ട്രി പ്രോഗ്രാമും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് സിറ്റി പ്രസ്താവനയില്‍ പറഞ്ഞു.