കാനഡയിലുടനീളം കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ 

By: 600002 On: Sep 15, 2025, 10:43 AM

 

 

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുകയും ആളുകള്‍ സാധാരണ നിലയില്‍ ഒത്തുചേരലുകളും ആഘോഷങ്ങളും നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതായി ആരോഗ്യ വിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ വര്‍ഷങ്ങളായി സമ്മര്‍ സീസണിന്റെ അവസാനത്തില്‍ സ്ഥിരമായ പ്രവണതയാണിത്. 

രോഗം വ്യാപകമാകുമ്പോള്‍ പാന്‍ഡെമിക് സമയത്ത് സ്വീകരിച്ച എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാന്‍ പൊതുജനങ്ങളോട് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. വാക്‌സിനേഷന്‍, കൈകളുടെ ശുചിത്വം, അസുഖമുള്ളപ്പോള്‍ വീട്ടില്‍ തന്നെ തുടരുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. 

വാന്‍കുവര്‍, കാല്‍ഗറി, എഡ്മന്റണ്‍, വിന്നിപെഗ്, മോണ്‍ട്രിയല്‍ സൗത്ത്, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് എന്നിവടങ്ങളില്‍ കോവിഡ് അതിവേഗം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. ദേശീയതലത്തില്‍, ശ്വസന രോഗലക്ഷണങ്ങളുള്ള അത്യാഹിത വിഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. പോസിറ്റിവിറ്റി നിരക്ക് 8.5 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തതിന് സമാനമായി നിലവിലെ ഒമിക്രോണ്‍ സബ്‌വേരിയന്റ് എക്‌സ് ഏഫ്ജി നേരിയതോ മിതമായതോ ആയ രോഗത്തിന് കാരണമാകുന്നുവെന്ന് ഗ്വള്‍ഫ് യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജി പ്രൊഫസര്‍ ലോറന്‍സ് ഗുഡ്രിഡ്ജ് പറഞ്ഞു.