ഇന്ത്യയും, ചൈനയും റഷ്യയുടെ അടുത്ത് നിന്നും ഇന്ധനം വാങ്ങുന്നത് ട്രംപിന് സഹിക്കുന്നില്ല. ഏത് വിധേനയും ഇത് തടയുക എന്നതാണ് അമേരിക്കയുടെ ഇപ്പോഴത്തെ പ്രധാന അജണ്ട . ഇതിനായി തീരുവയാണ് യുഎസിന്റെ ആയുധം. എന്നാൽ ട്രംപിന്റെ അധിക തീരുവ ഭീഷണി ചൈനയേയും ഇന്ത്യയേയും തെല്ലുപോലും കുലുക്കിയിട്ടില്ല. ഇതോടെ യൂറോപ്യൻ യൂണിയനെ കൂട്ടുപിടിക്കാനാണ് ട്രംപിന്റെ ശ്രമം. ഇന്ത്യയ്ക്കും, ചൈനയ്ക്കും 100% താരിഫ് ചുമത്തണമെന്നാണ് ട്രംപ് ഇപ്പോൾ യൂറോപ്യൻ യൂണിയനോട് (EU) ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയെ റഷ്യയ്ക്കെതിരാക്കിയാൽ റഷ്യയുടെ സാമ്പത്തിക ശേഷിക്ക് പ്രഹരം നൽകാൻ കഴിയുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടൽ. റഷ്യൻ സമ്പദ് വ്യവസ്ഥയുടെ ചാലക ശക്തിയായി നിലകൊള്ളുന്നത് ഊർജ്ജ മേഖലയാണ്. ഇതിൽത്തന്നെ ക്രൂഡ് ഓയിലാണ് റഷ്യയുടെ പ്രധാന വരുമാനം. ഇന്ത്യയും, ചൈനയും വൻ തോതിൽ റഷ്യൻ ഇന്ധനം ഇറക്കുമതി നടത്തുന്നതു കൊണ്ടാണ് യുക്രൈൻ യുദ്ധം അവസാനിക്കാത്തത് എന്നാണ് ട്രംപ് പറയുന്നത്. ഇന്ത്യ ഈ യുദ്ധത്തിന് പരോക്ഷമായി ഫണ്ടിങ് നടത്തുകയാണെന്നും അദ്ദേഹം പ്രസ്താവന നടത്തി. ഇത് കൂടാതെ, യുദ്ധം അവസാനിപ്പിച്ച് തന്റെ സമാധാന നൊബേൽ മോഹങ്ങൾക്ക് ഊർജ്ജം പകരുകയും ട്രംപിന്റെ ലക്ഷ്യമാണെന്ന് വിലയിരുത്തലുകളുണ്ട്
ഇന്ത്യയ്ക്ക് ആദ്യം 25% തീരുവയും, പിന്നീട് റഷ്യൻ ഇന്ധനം വാങ്ങുന്നതിന് 25% പിഴത്തീരുവയുമാണ് യു.എസ് നടപ്പാക്കിയത്. ചൈനയ്ക്കെതിരെയും തീരുവ ഭീഷണി നിലവിലുണ്ട്. അതേ സമയം ഇന്ത്യയ്ക്ക് റഷ്യ കൂടുതൽ ഡിസ്കൗണ്ട് നിരക്കിൽ ഇന്ധനം നൽകുകയും, ഇന്ത്യ ഇറക്കുമതി തുടരുകയും ചെയ്യുന്നു. സെപ്തംബറിൽ നടത്തുന്ന റഷ്യൻ ഇന്ധന ഇറക്കുമതിയുടെ പത്ത് മടങ്ങ് അധികം പർച്ചേസ് ഒക്ടോബറിൽ നടത്താൻ ചൈനയും ഒരുങ്ങുന്നു. ഇവിടെ യു.എസിനെക്കൊണ്ട് മാത്രം കൂട്ടിയാൽ കൂടില്ലെന്ന തിരിച്ചറിവാണ് ഇപ്പോൾ യൂറോപ്യൻ യൂണിയനെ കൂടെ നിർത്താനുള്ള ശ്രമങ്ങളുടെ പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.