ക്യൂബെക്കിൽ സ്കൂൾ ബസിന് തീപിടിച്ചതിന് പിന്നാലെ 1,200 ലയൺ ഇലക്ട്രിക് ബസുകൾ  പരിശോധനയ്ക്കായി റോഡുകളിൽ നിന്ന് പിൻവലിച്ചു

By: 600110 On: Sep 13, 2025, 12:35 PM

 

ക്യൂബെക്കിൽ സ്കൂൾ ബസിന് തീപിടിച്ചതിന് പിന്നാലെ പ്രവിശ്യയിലെ 1,200 ലയൺ ഇലക്ട്രിക് ബസുകൾ  പരിശോധനയ്ക്കായി റോഡുകളിൽ നിന്ന് പിൻവലിച്ചു. ഇതോടെ ക്യൂബെക്കിലുടനീളമുള്ള സ്കൂളുകൾ ബസ് സർവീസുകൾ തടസപ്പെടുകയും ചെയ്തു.  ഈ ആഴ്ച ആദ്യം മോൺട്രിയലിൽ ലയൺ ഇലക്ട്രിക് കമ്പനി നിർമ്മിച്ച സ്കൂൾ ബസിന് തീപിടിച്ചതിനെ തുടർന്നാണ് മുൻകരുതൽ നടപടി സ്വീകരിച്ചതെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചു.

തീപിടിക്കുമ്പോൾ നിരവധി കുട്ടികളും ഡ്രൈവറും ബസിനുള്ളിൽ ഉണ്ടായിരുന്നു, എന്നാൽ ആർക്കും പരിക്കേറ്റില്ല.
വിദ്യാഭ്യാസ മന്ത്രി സോണിയ ലെബെലും ഗതാഗത മന്ത്രി ജോനാഥൻ ജൂലിയനും നടത്തിയ  നടത്തിയ സംയുക്ത പ്രസ്താവനയിൽ അപകടം ഒരു പിഴവ് ആയിരിക്കാമെന്നാണ് പറഞ്ഞത്. സാധാരണ സ്കൂൾ ഗതാഗതം എത്രയും വേഗം പുനരാരംഭിക്കുന്നതിനൊപ്പം എല്ലാ വാരാന്ത്യങ്ങളിലും  വാഹന പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.  വാഹനങ്ങളിൽ ക്രമീകരണങ്ങൾ ആവശ്യമാണെങ്കിൽ അടുത്ത ആഴ്ച കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിന്  ബദൽ മാർഗങ്ങൾ ഒരുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.  സ്കൂൾ ബസ് ഓപ്പറേറ്റർമാരുമായും ട്രാൻസ്പോർട്ട് കാനഡയുമായും ചേർന്ന് ബസുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ബസ് സർവീസ് പുനഃസ്ഥാപിക്കുന്നതിനുമായി പ്രവർത്തിക്കുന്നുണ്ടെന്ന് ലയൺ കമ്പനി അറിയിച്ചു.