കാനഡയിലെ മത, സാംസ്‌കാരിക കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്ന ആളുകളുടെ സംരക്ഷണത്തിനായുള്ള ബില്‍ അവതരിപ്പിക്കാന്‍ പദ്ധതിയുമായി മാര്‍ക്ക് കാര്‍ണി സര്‍ക്കാര്‍. ആരാധനാലയങ്ങളിലും സാംസ്‌കാരിക, കമ്മ്യൂണിറ്റി സെന്ററുകളിലും സ്‌കൂളുകളിലും പ്രവേശിക്കുന്ന വ്യക്തികളെ മന:പൂര്‍വ്വം ഭീഷണിപ്പെടുത്തുകയും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്യുന്നവരെ കര്‍ശനമായി നേരിടുന്നതിന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. കാനഡയുടെ ക്രിമിനല്‍ കോഡിന് കീഴില്‍ ഫെഡറല്‍ സര്‍ക്കാര്‍ മൂന്ന് പുതിയ കുറ്റകൃത്യങ്ങള്‍ നിര്‍ദ്ദേശിക്കുമെന്ന് സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ വിദ്വേഷ കുറ്റകൃത്യങ്ങളും ഉള്‍പ്പെടുന്നു.
യഹൂദ വിരുദ്ധതയും ഇസ്ലാമോഫോബിയയും ഉള്‍പ്പെടെയുള്ളവക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും കാര്‍ണി നേരത്തെ തന്റെ പ്രചാരണ വേളയില്‍ വാഗ്ദാനം ചെയ്തിരുന്നു. കാനഡയിലെ ജനങ്ങള്‍ക്ക് ഒരു ഭയവും കൂടാതെ ആരാധനാലയങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും പ്രവേശിക്കാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നതാണ് പുതിയ നിയമനിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കാര്‍ണി പറഞ്ഞു.
ജനങ്ങളെ സംരക്ഷിക്കുന്നതിന് പോലീസിനും പ്രോസിക്യൂട്ടര്‍മാര്‍ക്കും പുതിയ സംവിധാനങ്ങള്‍ നല്‍കുന്നതിനായി ക്രിമിനല്‍ കോഡില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി ലിബറലുകളുടെ നിയമനിര്‍മാണം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷ.