പൊതു സേവന മേഖലകളില്‍ എഐ: ഫെഡറല്‍ ജോലികള്‍ വെട്ടിക്കുറയ്ക്കുന്നതിന് കാരണമാകുമെന്ന് ചീഫ് ഡാറ്റാ ഓഫീസര്‍ 

By: 600002 On: Sep 13, 2025, 10:41 AM

 


ഫെഡറല്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളിലും സേവനങ്ങളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതരിപ്പിക്കുന്നത് പൊതുസേവന രംഗത്ത് ജോലി വെട്ടിക്കുറയ്ക്കുന്നതിന് കാരണമാകുമെന്ന് കാനഡയിലെ ചീഫ് ഡാറ്റ ഓഫീസര്‍ സ്റ്റീഫന്‍ ബര്‍ട്ട്. ഇതിന്റെ ആഘാതങ്ങള്‍ വ്യാപകമായി വ്യത്യാസപ്പെടുമെന്നും വ്യത്യസ്ത മേഖലകളില്‍ വ്യത്യസ്ത ഫലങ്ങള്‍ ഉണ്ടാകുമെന്നും അവ ജോലിയെ ആശ്രയിച്ചിരിക്കുമെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

സര്‍ക്കാരിന്റെ പ്രത്യേക മേഖലകളിലെ തൊഴില്‍ നഷ്ടത്തിന്റെ അപകടസാധ്യതകള്‍ സംബന്ധിച്ച് ഒന്നും വ്യക്തമാക്കിയില്ലെങ്കിലും ജീവനക്കാര്‍ക്ക് വീണ്ടും പരിശീലനം നല്‍കാനും ജോലി മാറാനുമുള്ള അവസരങ്ങള്‍ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് ബര്‍ട്ട് വിശദീകരിച്ചു. 

ഓഗസ്റ്റില്‍ പൊതുസേവന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ എഐയ്ക്ക് കഴിയുന്ന മേഖലകള്‍ തിരിച്ചറിയുന്നതിനായി ഫെഡറല്‍ സര്‍ക്കാര്‍ കനേഡിയന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ കോഹെറുമായി കരാറില്‍ ഒപ്പുവെച്ചിരുന്നു. കൃത്രിമ ബുദ്ധിയുടെ വര്‍ധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ച് കനേഡിയന്‍ പൗരന്മാര്‍ക്ക് ബോധവത്കരണം നടത്തുന്നതിനായി ഇതിനകം നടന്നുകൊണ്ടിരിക്കുന്ന എഐ പ്രോജക്ടുകള്‍ ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്നതിനുമായി ഒരു പൊതു രജിസ്ട്രി ആരംഭിക്കാന്‍ പദ്ധതിയിടുന്നതായി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.