കാലിഫോര്‍ണിയ: ഭൂമിക്ക് പുറത്ത് ജീവനുണ്ടോ എന്ന കാലങ്ങളായുള്ള മനുഷ്യന്‍റെ അന്വേഷണത്തില്‍ ചരിത്രപരമായ ചുവടുവയ്പ്പ് നടത്തി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ചൊവ്വയുടെ ഉപരിതലത്തിലുള്ള ഒരു പാറയിൽ നിന്ന് ജീവന്‍റെ അടയാളങ്ങളായിരിക്കാന്‍ സാധ്യതയുള്ള ബയോസിഗ്നേച്ചറുകള്‍ (Potential Biosignatures) പെർസെവറൻസ് റോവർ (Perseverance Mars Rover) കണ്ടെത്തിയതായി നാസ അറിയിച്ചു. ശാസ്ത്രജ്ഞർ ചെയാവ (Cheyava Falls) എന്ന് പേരിട്ടിരിക്കുന്ന ഈ പാറ 2024-ൽ ആണ് റോവർ കണ്ടെത്തിയത്. സെൻസറുകളും ഉപകരണങ്ങളും ഉപയോഗിച്ച് റോവർ അത് വിശകലനം ചെയ്‌തു. പാറയിലെ 'സഫയർ കാന്യോൺ' (Sapphire Canyon) എന്ന് വിളിക്കപ്പെടുന്ന സാമ്പിളിൽ ജീവന് സാധ്യതയുള്ള ബയോസിഗ്നേച്ചറുകൾ അടങ്ങിയിട്ടുണ്ടെന്ന് നേച്ചർ ജേണലിൽ ബുധനാഴ്‌ച പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ പറയുന്നു. അതിൽ കളിമണ്ണ്, ചെളി, ജൈവ കാർബൺ, സൾഫർ, ഫോസ്‌ഫറസ്, ഓക്‌സിഡൈസ് ചെയ‌്ത ഇരുമ്പ് അതായത് തുരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.
ചൊവ്വയിലെ ജീവന്‍, സ്ഥിരീകരണത്തിന് ഇനിയും കാത്തിരിക്കണം
ഊർജ്ജം ലഭിക്കാൻ സൂക്ഷ്‌മാണുക്കൾ ചെയ്യുന്നതുപോലെ, ഇലക്‌ട്രോണ്‍-ട്രാൻസ്‌ഫർ പ്രതിപ്രവർത്തനങ്ങളിലൂടെയാണ് ഈ ധാതുക്കൾ രൂപപ്പെട്ടതെന്ന് നാസയിലെ ഗവേഷകര്‍ കരുതുന്നു. ജൈവശാസ്ത്രപരമല്ലാത്ത പ്രക്രിയകളിലൂടെയും ഈ ഘടന രൂപപ്പെടാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. ചൊവ്വയിലെ ജീവൻ കണ്ടെത്തുന്നതിനോട് ഏറ്റവും അടുത്ത കണ്ടെത്തലാണ് ഇപ്പോൾ നടത്തിയതെന്നും ഇത് തങ്ങളുടെ പഠനത്തെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകും എന്നും നാസയുടെ ആക്‌ടിംഗ് അഡ്‌മിനിസ്ട്രേറ്റർ ഷോൺ ഡഫി ഒരു വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെർസെവറൻസ് റോവർ ഇതുവരെ 30-ൽ അധികം സാമ്പിളുകൾ ചൊവ്വയില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്. അവ ഭൂമിയിലേക്ക് കൊണ്ടുവന്ന് നൂതന ലബോറട്ടറികളിൽ പരീക്ഷിക്കാനാണ് പദ്ധതി. അതിനുശേഷം മാത്രമേ ചൊവ്വയിലെ ജീവന്‍റെ തെളിവുകള്‍ ഉറപ്പിക്കാനാകൂ. ചൊവ്വയിലെ ഇപ്പോഴത്തെ കണ്ടെത്തൽ മനുഷ്യ നിലനിൽപ്പിന്‍റെ ഉത്ഭവത്തിനും പ്രപഞ്ചത്തിലെ ജീവന്‍റെ സാധ്യതകൾക്കും വേണ്ടിയുള്ള അന്വേഷണത്തിലെ ചരിത്രപരമായ ഒരു ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്നു.