ചൂല് (ജോയ്സ് വര്‍ഗീസ്, കാനഡ)  

By: 600002 On: Sep 11, 2025, 6:56 PM



 

ജോയ്സ് വര്‍ഗീസ്, കാനഡ

 

ഇതൊരു സംഭവ കഥ. ഒട്ടും ഭാവന കലരാത്ത ഒരു ഒറിജിനല്‍ പതിപ്പ്.

ഒരു സാധാരണ നാട്ടിന്‍പ്പുറം. പാവങ്ങളും ഇടത്തരക്കാരും പിന്നെ കുറച്ചു സമ്പന്നരും  താമസിക്കുന്നു. അതില്‍ കുറച്ചു പേര്‍ക്ക് നെല്‍പ്പാടവും കൃഷിയുമുണ്ട്. കര്‍ഷകത്തൊഴിലാളി കുംടുംബങ്ങള്‍, ഈ തൊഴിലിടങ്ങളില്‍ ദിവസക്കൂലിക്കു ജോലി ചെയ്തിരുന്നു. അവരില്‍ പലര്‍ക്കും വിദ്യാഭ്യാസം വളരെ കുറവായിരുന്നു. വായന അവര്‍ക്ക് അന്യമായിരുന്നു. പലപ്പോഴും തൊഴില്‍ദാതാക്കളോട് അഭിപ്രായങ്ങള്‍ ചോദിച്ചിരുന്നു.

ഇപ്പോള്‍ പാടവും കൃഷിയുമുള്ള ഗ്രാമങ്ങള്‍ കുറ്റിയറ്റുപോയിരിക്കുന്നു. തമിഴന്റെ അരിലോറി അതിര്‍ത്തി കടന്നെത്തുന്നു. കൃഷിയുടെ സൊല്ല ഒഴിഞ്ഞ നമ്മള്‍, കീടനാശിനികള്‍ തൂളിച്ചു വളര്‍ത്തിയെടുത്ത ധാന്യമണികള്‍ മനക്ലേശവും കൂടാതെ ആഹരിക്കുന്നു.

വിശാലമായ മുറ്റമുള്ള ഒരു വീട്. ഗേറ്റ് കഴിഞ്ഞു നീളത്തില്‍, നല്ലൊരു നടവഴി നീണ്ടു മലര്‍ന്ന് മുറ്റത്തേയ്ക്കു തുറക്കുന്നു. നമ്മുടെ കഥാനായിക, ചേടത്തി ആകെ കലികൊണ്ടു നടന്നുവരികയാണ്. ഒരു അറുപതു കഴിഞ്ഞ പ്രായം. നല്ല വെളുത്തനിറം വെയില്‍ ചൂടേറ്റ് നന്നായി കരിവാളിച്ചു. പക്ഷെ സുന്ദരമായ ആ ചെമ്പകനിറം, വിശ്രമജീവിതം കൊണ്ടു മെല്ലെ തിരിച്ചു പിടിക്കുന്നുണ്ട്.

ചേടത്തിയും ഒരു കര്‍ഷകത്തൊഴിലാളിയായിരുന്നു. മൂന്നാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി, താഴെയുള്ള കുഞ്ഞുങ്ങളെ നോക്കാന്‍ വീട്ടില്‍ നിന്ന ചേച്ചിയമ്മ. കൂലി വളരെ കുറവായിരുന്ന കാലത്ത് വര്‍ഷാവര്‍ഷം ജനിക്കുന്ന കുഞ്ഞുങ്ങളെ വീട്ടിലേല്‍പ്പിച്ച് അമ്മമാര്‍ കൂലിവേലക്കു ഇറങ്ങിയാലെ അരപട്ടിണിയായെങ്കിലും ജീവിക്കാന്‍ പറ്റൂ. ആ കാലഘട്ടത്തിലെ പെണ്‍കുട്ടി പഠിത്തം നിര്‍ത്തി വീട്ടില്‍ നില്‍ക്കുന്നത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല.

പതിനെട്ടാം വയസ്സില്‍ വിലകുറഞ്ഞ ഒരു വെള്ള സാരിയും, കയ്യില്‍ കടലാസുപൂക്കളുടെ ബൊക്കെയുമായി, പള്ളിയില്‍ നിന്നു താലികെട്ട് കഴിഞ്ഞു  ഭര്‍ത്താവിന്റെ വീട്ടില്‍ കയറുമ്പോള്‍, ഒത്ത ഉയരമുള്ള വധു തല  കുനിച്ചു. അത്രയും ചെറിയൊരു വീടും ദാരിദ്ര്യവും അവിടെയും അവളെ കാത്തിരുന്നിരുന്നു.

പതിനെട്ടിന്റെ അഴക്  അവളെ ഒരു സുന്ദരിയാക്കിയിട്ടുണ്ട്. ആരും കൊതിച്ചു പോകുന്ന മുഖകാന്തി. ബന്ധുക്കള്‍ അതിശയിച്ച് അടക്കം പറഞ്ഞു.

'ഈ ചന്തം കൊണ്ടൊന്നും കഞ്ഞി വേവില്ല, പുറത്തു പണിക്കു പോണം', കല്യാണദിവസം തന്നെ ഭാവി തീരുമാനിക്കപ്പെട്ട വാക്കുകള്‍ ഉയര്‍ന്നു കേട്ടു. ഭര്‍ത്താവിന്റെ അമ്മയുടെ സ്വരം കാതില്‍ വന്നു മുട്ടി.

'അതിനെന്താ, മറിച്ചൊന്നും കരുത്തിയിട്ടില്ലല്ലോ',
പുതുമോടി മാറും മുന്‍പ് അവള്‍ അയല്‍ക്കാരുടെ പാടത്തു കര്‍ഷക തൊഴിലാളിയായി. കൂലി കിട്ടുന്ന ചെറിയ തുക അമ്മായിയമ്മയുടെ കയ്യില്‍ ഏല്‍പ്പിച്ചു. ഒരിക്കലും പണം എണ്ണിനോക്കാറില്ല. അതവര്‍ക്ക് പ്രത്യേകിച്ചു ഒരു ഗുണവും ചെയ്യില്ല എന്നറിയാമായിരുന്നു.

കരിയില കത്തിച്ചു ഭക്ഷണം പാകം ചെയ്യല്‍, വീട് വൃത്തിയാക്കല്‍, തുണിയലക്കല്‍, കോഴി തുടങ്ങി എല്ലാത്തിന്റെയും പരിപാലനം, സംരക്ഷണം ഒക്കെ തലയില്‍ ഏറ്റിയ യുവതിക്ക് കാശ്ശെണ്ണേണ്ട കാര്യവും സമയവുമില്ല. അവര്‍ക്ക് ആ വീട്ടില്‍ അതിനുള്ള അവകാശവുമുണ്ടായിരുന്നില്ല. ഭര്‍ത്താവും അമ്മയും പറയുന്നത് അനുസരിക്കുക എന്നാണ്  ജീവിതപ്രമാണം.

കഞ്ഞിയില്‍ ഉപ്പു ചേര്‍ക്കുമ്പോള്‍ വരെ മേല്‍നോട്ടമായി  അരികില്‍ അമ്മായിയമ്മയുണ്ട്. ഒരു തരി അറിയാതെ താഴെ വീണു നഷ്ടപ്പെടുത്തിയാല്‍ അന്നത്തെ ചീത്തവിളിക്കു അതു മതി കാരണം. ഒന്നിനും പ്രതികരിക്കാന്‍ പാടില്ല. പക്ഷെ  ഭാവിയില്‍ തനിക്കും ഒരവസരം വരുമെന്നു അവര്‍ കരുതി സമാധാനിച്ചു.

അവര്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ നാലു മക്കളുടെ അമ്മയായി, മക്കളെ വളര്‍ത്തിയെടുക്കാന്‍,  കഠിനമായി ജോലിചെയ്തു. വെയില്‍ കാഞ്ഞു തിളങ്ങുന്ന നിറം മങ്ങി. ചുറ്റും പല സ്ത്രീകളും തന്നെപ്പോലെ ജീവിക്കുന്നതുകൊണ്ട് മറിച്ചൊന്നു ചിന്തിക്കാന്‍ അവര്‍ തുനിഞ്ഞതുമില്ല.

ഉത്തരവാദിത്വങ്ങള്‍ ഓരോന്നായി ഒഴിയാന്‍ തുടങ്ങി. അവരുടെ പെണ്മക്കളെ കെട്ടിച്ചയച്ചു. മകന്‍ വിവാഹം ചെയ്തു. മരുമകള്‍ വീട്ടിലെത്തി. നല്ല വിവേകമുള്ള പെണ്‍കുട്ടി, വീട്ടുകാര്യങ്ങള്‍ പതിയെ ഏറ്റെടുത്തു. വിശ്രമജീവിതത്തിന്റെ താളത്തില്‍ പഴയ അമ്മായിയമ്മപോരു ചിത്രങ്ങള്‍ ഓരോന്നായി മനസ്സില്‍ തെളിഞ്ഞു വന്നു.

' ഇനി എനിക്കും എന്തെങ്കിലും പറയാം, ചെയ്യാം', അവര്‍ നിശ്വസിച്ചു.

തെങ്ങോലയിലെ, ഓല ചീകി മാറ്റി, ഈര്‍ക്കില്‍ കെട്ടുകള്‍ കൊണ്ടു  ചൂലുകള്‍ ഉണ്ടാക്കി, മച്ചില്‍ സൂക്ഷിച്ചു വെക്കും. അതൊരു ആവശ്യവും മിച്ചം വന്ന സമയം ചിലവഴിക്കലുമായി മാറി.
ഒരു ദിവസം മരുമകള്‍, തന്റെ അനുവാദം ചോദിക്കാതെ, ആ ചൂലെടുത്തു വീട് തൂക്കുന്നത് കണ്ടപ്പോള്‍ അവര്‍ക്ക് കലി കയറി. ചൂല് മരുമകളുടെ കയ്യില്‍ നിന്നും തട്ടിപ്പറിച്ചു.

'ആരാ പറഞ്ഞത്, ഇതെടുക്കാന്‍?' ദേഷ്യം കൊണ്ടു കത്തി. ഉച്ചത്തില്‍ ഉള്ള വാക്‌പോരിനു ശേഷമുള്ള വരവായിരുന്നു അത്.

വീടിന്റെ ഉമ്മറത്ത് എത്തിയ അവരോടു, അമ്മ , കാര്യം പന്തിയല്ല എന്നു കണ്ടു ചോദിച്ചു.' ചേടത്തി എന്തു പറ്റി?'
നടന്ന കാര്യങ്ങള്‍  വിസ്തരിച്ചു കേട്ട ശേഷം,  അമ്മ  ഒരു ചെറുചിരിയോടെ ചോദിച്ചു.

'അവള്‍ ആരുടെ വീടാണ് അടിച്ചുവാരിയത്?
ഇതു എന്തു ചോദ്യം എന്ന മട്ടില്‍ അമ്മയെ നോക്കി, ഒന്നു നെറ്റിചുളിച്ചു മെല്ലെ പറഞ്ഞു.
'ഞങ്ങളുടെ വീട്,  അല്ലാതെ പിന്നെ?'

അമ്മ പറഞ്ഞു, അതൊരു നല്ല കാര്യമല്ലേ? അവള്‍ വീട് വൃത്തിയായി വെക്കുന്നത്?
'ഉം..ഉം..അതു ശരിയാ', അവര്‍ തലയാട്ടി.

'പിന്നെയെന്താ, ആ വീട് ഇപ്പോള്‍ നിങ്ങള്‍ രണ്ടു പേരുടെയുമല്ലെ? വീട്ടില്‍ പോയി ആ ചൂല് മരുമകള്‍ക്ക് എടുത്തുകൊടുക്കൂ. വെറുതെ വഴക്കിന് പോകല്ലെ.'

 ഉം...ഉം..ചേടത്തി  സമ്മതഭാവത്തില്‍ തലയാട്ടി.
പുലി പോലെ വന്നത് എലി പോലെ അടങ്ങി.
'നിങ്ങള്‍  പറഞ്ഞതു കൊണ്ടു മാത്രം ഞാന്‍ ചെയ്യാം ', അവര്‍ പുഞ്ചിരിച്ചു തിരിച്ചു നടന്നു.

മച്ചിലേക്ക് വലിച്ചെറിഞ്ഞ ചൂലെടുത്തു മരുമകളുടെ കയ്യില്‍ കൊടുത്തു. പെട്ടെന്നുള്ള ഈ മാറ്റത്തിന്റെ സന്തോഷവും അമ്പരപ്പും അവളുടെ കണ്ണുകളില്‍ ഓളം വെട്ടി.

നിങ്ങള്‍ പറയുന്നതില്‍ ന്യായമുണ്ടെങ്കില്‍,  അതു മനസ്സിലാക്കാന്‍ മറ്റുള്ളവര്‍ക്കു മനസ്സുണ്ടെങ്കില്‍ ചുരുക്കം ചില വാക്കുകള്‍  മൊത്തം അവസ്ഥയെ മാറ്റിമറിച്ചേക്കാം.

ആ വലിയ മുറ്റമുള്ള വീടും ആ അമ്മയും എന്റെ സ്വന്തമായിരുന്നു.