കാനഡയിലെ നോർത്ത് യോർക്കിൽ, എട്ട് വയസ്സുകാരൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരു  കൗമാരക്കാരനെ അറസ്റ്റ് ചെയ്തു

By: 600110 On: Sep 11, 2025, 2:34 PM

 

കാനഡയിലെ നോർത്ത് യോർക്കിൽ, അപ്പാർട്ട്മെൻ്റിനുള്ളിൽ വെച്ച്  എട്ട് വയസ്സുകാരൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരു  കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവയ്പ്പ് നടക്കുമ്പോൾ പ്രതിക്ക്  15 വയസ്സ് ആയിരുന്നു.  കൗമാരക്കാരനെ അറസ്റ്റ് ചെയ്ത് ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റവും തോക്ക് കൈവശം വെച്ചതുമായി ബന്ധപ്പെട്ട അഞ്ച്  കുറ്റകൃത്യങ്ങളും ചുമത്തിയിട്ടുണ്ടെന്ന് ടൊറന്റോ പോലീസ് മേധാവി മൈറോൺ ഡെംകിവ്  പറഞ്ഞു. 

പ്രതിയെ അറസ്റ്റ് ചെയ്യുമ്പോൾ, സ്വയമേവ വെടിയുതിർക്കാൻ കഴിയുന്ന തരത്തിൽ പരിഷ്കരിച്ച ഒരു നിറച്ച തോക്ക് ഇയാളുടെ കൈവശം ഉണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കൂട്ടുപ്രതികളായ മറ്റ് രണ്ട് പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ടൊറൻ്റോയിൽ നിന്നുള്ള 17 വയസ്സുള്ള ഇബ്രാഹിം,  18 വയസ്സുള്ള അമരി ലിൻഡ്‌നർ എന്നിവരെയാണ് തിരയുന്നത്.  ഇവർ കീഴടങ്ങണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ആരെങ്കിലും അവർക്ക് അഭയം നൽകുന്നതായി കണ്ടെത്തിയാൽ കുറ്റം ചുമത്തുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 16 ന് അർദ്ധരാത്രിയാണ്  മാർത്ത ഈറ്റൺ വേയ്ക്കും ട്രെത്ത്‌വെ ഡ്രൈവിനും സമീപമുള്ള  അപ്പാർട്ട്മെൻ്റിൽ അമ്മയോടൊപ്പം കിടക്കയിൽ കിടക്കുകയായിരുന്ന  ജവായ് റോയ്ക്ക് വെടിയേറ്റത്. ഉടൻ  ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.