ആല്‍ബെര്‍ട്ട സര്‍ക്കാരുമായുള്ള കരാര്‍ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പില്‍ എത്തിയില്ലെങ്കില്‍ ഒക്ടോബര്‍ 6ന് പണിമുടക്ക് ആരംഭിക്കുമെന്ന് ആല്‍ബെര്‍ട്ട ടീച്ചേഴ്‌സ് അസോസിയേഷന്‍(എടിഎ) പ്രഖ്യാപിച്ചു. യൂണിയനും ടീച്ചേഴ്‌സ് എംപ്ലോയര്‍ ബാര്‍ഗെയ്‌നിംഗ് അസോസിയേഷനും( TEBA) തമ്മില്‍ കരാര്‍ ചര്‍ച്ച ഓഗസ്റ്റില്‍ പുനരാരംഭിച്ചെങ്കിലും കഴിഞ്ഞയാഴ്ച സ്തംഭിച്ചു. സ്‌ട്രൈക്ക് മാന്‍ഡേറ്റ് അനുവദിച്ചതിന് ശേഷമുള്ള അവസാന തിയതിയായ ഒക്ടോബര്‍ 6 മുതല്‍ പണിമുടക്ക് അരംഭിക്കുമെന്ന് യൂണിയന്‍ പ്രഖ്യാപിച്ചു.
രക്ഷിതാക്കള്‍ക്ക് പണിമുടക്കിനെ നേരിടാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ അവസരമൊരുക്കാനാണ് ഒക്ടോബര്‍ ആറ് എന്ന സമയപരിധി നിശ്ചയിച്ചിരിക്കുന്നതെന്ന് ജേസണ്‍ ഷില്ലിങ് അറിയിച്ചു. ജൂണില്‍ പണിമുടക്കിന് അനുകൂലമായി യൂണിയന്‍ അംഗങ്ങളായ അധ്യാപകര്‍ വോട്ട് ചെയ്തിരുന്നു.
വര്‍ധിച്ചുവരുന്ന അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം, വേതന വര്‍ധന, അധ്യാപകര്‍ക്ക് കൂടുതല്‍ പിന്തുണ തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയന്‍ മുന്നോട്ടുവയ്ക്കുന്നത്.