തീവ്രവാദം വളര്‍ത്തുന്നുവെന്ന് ആശങ്ക; നയാഗ്ര മേഖലയില്‍ റാലി സംഘടിപ്പിച്ച്  സെക്കന്‍ഡ് സണ്‍സ് ഗ്രൂപ്പ്

By: 600002 On: Sep 10, 2025, 12:38 PM

 

ഒന്റാരിയോയിലെ നയാഗ്ര മേഖലയില്‍ കനേഡിയന്‍ മെന്‍സ് നാഷണലിസ്റ്റ് ഗ്രൂപ്പ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘം ലേബര്‍ ഡേ വീക്കെന്‍ഡ് റാലി സംഘടിപ്പിച്ചു. ഇത് വര്‍ധിച്ചുവരുന്ന കുടിയേറ്റ വിരുദ്ധ വികാരത്തെയും തീവ്രവാദ ഗ്രൂപ്പുകളുടെ റിക്രൂട്ട്‌മെന്റ് ശ്രമങ്ങളെയും കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നു. 

തീവ്രവാദത്തെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകര്‍ 'സെക്കന്‍ഡ് സണ്‍സിനെ'  വെളുത്ത മേധാവിത്വവാദികളോടും നവ-നാസി സജീവ ക്ലബ്ബുകളോടും താരതമ്യം ചെയ്തിട്ടുണ്ട്. ഇത്തരം ക്ലബ്ബുകള്‍ ഫിറ്റ്‌നസ് വര്‍ക്കൗട്ടുകള്‍ക്കായി അംഗങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നു. ചില നിരീക്ഷകര്‍ പറയുന്നത് ഇത് വരാനിരിക്കുന്ന വംശീയ യുദ്ധത്തിന്റെ സൂചനയാണെന്നും യുദ്ധത്തിനായുള്ള പരിശീലനമാണ് നല്‍കുന്നതെന്നുമാണ്. ആര്‍സിഎംപിയുടെ അഭിപ്രായത്തില്‍ സെക്കന്‍ഡ് സണ്‍സ് നേതാവ് ജെറമി മക്കെന്‍സി തീവ്രവാദ ഗ്രൂപ്പിന് സമാനമായ സംഘടനയായ ഡയഗ്‌ലോണിന്റെ സ്ഥാപകന്‍ കൂടിയാണ്. 

ഓഗസ്റ്റ് 31 നാണ് സംഘടന റാലി സംഘടിപ്പിച്ചത്. നയാഗ്ര-ദി-ലേക്ക് എന്ന പ്രദേശത്തുള്ള ക്വീന്‍സ്റ്റണ്‍ ഹൈറ്റ്‌സ് പാര്‍ക്കിലൂടെ 50 ലേറെ പേരാണ് റാലിയില്‍ പങ്കെടുത്തത്. ഇവര്‍ മുദ്രാവാക്യം വിളിക്കുകയും, പതാകകള്‍ വഹിക്കുകയും ചെയ്തു. മേജര്‍ ജനറല്‍ ഐസക് ബ്രോക്കിനോടുള്ള ആദരസൂചകമായ 56 മീറ്റര്‍ ഉയരമുള്ള സ്മാരകത്തിന് മുന്നില്‍ നിന്നും മുദ്രാവാക്യം വിളിച്ചു. റാലിയുടെ ചിത്രങ്ങളും വീഡിയോകളും സെക്കന്‍ഡ് സണ്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

റാലിയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും വെളുത്ത മാസ്‌കുകളും കറുത്ത ടി-ഷര്‍ട്ടുകളും ധരിച്ചിരുന്നു. ടി-ഷര്‍ട്ടില്‍ ''All thy Son'' എന്നും ''He who guards''  എന്നും  ആലേഖനം ചെയ്തിട്ടുണ്ട്. പാര്‍ക്കിലുണ്ടായിരുന്നവര്‍ ഗ്രൂപ്പംഗങ്ങളെ വീക്ഷിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. 

2024 ല്‍ സ്ഥാപിതമായ സെക്കന്‍ഡ് സണ്‍സ്, കനേഡിയന്‍ മെന്‍സ് നാഷണലിസ്റ്റ് ക്ലബ് ആണെന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെയും ഫിറ്റ്‌നസ് പരിശീലനത്തിലൂടെയും തങ്ങളുടെ ആശയം പ്രകടിപ്പിക്കാനും സമൂഹം നേരിടുന്ന ഭീഷണി പ്രതിരോധിക്കാനും വേണ്ടിയാണ് നിലകൊള്ളുന്നതെന്നും വെബ്‌സൈറ്റില്‍ പറയുന്നു. തെക്കന്‍ ഒന്റാരിയോയില്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നും ഗ്രൂപ്പ് അംഗങ്ങളുടെ പ്രവര്‍ത്തികള്‍ നിരീക്ഷണ വിധേയമാക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.