2026 ഫിഫ ലോകകപ്പ്: സെപ്റ്റംബര്‍ 10 മുതല്‍ ആദ്യ ടിക്കറ്റ് ലോട്ടറി പ്രോസസ് നടക്കും 

By: 600002 On: Sep 9, 2025, 11:48 AM

 

 

ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ഈ ആഴ്ച മുതല്‍ 2026 ലെ ഫിഫ ലോകകപ്പ് ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ തുടങ്ങാം. ആദ്യ ടിക്കറ്റ് ലോട്ടറി പ്രോസസ് സെപ്റ്റംബര്‍ 10 ബുധനാഴ്ച ആരംഭിച്ച് സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച അവസാനിക്കും. എന്നാല്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ വിസ കാര്‍ഡ് ആവശ്യമാണ്. 

ടിക്കറ്റുകള്‍ നറുക്കെടുപ്പിലൂടെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫിഫയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം. വെബ്‌സൈറ്റില്‍ അക്കൗണ്ട് സൃഷ്ടിക്കാനോ നിലവിലുള്ള അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാനോ ആവശ്യപ്പെടും. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ 60 യുഎസ് ഡോളറിലാണ് തുടങ്ങുന്നതെന്ന് ഫിഫ മുമ്പ് പ്രഖ്യാപിച്ചിരുന്നു. മറ്റ് ടിക്കറ്റ് നിരക്കുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 

പ്രാരംഭ പ്രീസെയിലില്‍ ഏകദേശം ഒരു മില്യണ്‍ ടിക്കറ്റുകള്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷ. ഓരോ മത്സരങ്ങള്‍ക്കുമായി നാല് ടിക്കറ്റുകളാണ് ആരാധകര്‍ക്ക് വാങ്ങാന്‍ സാധിക്കുക. പത്ത് മത്സരങ്ങള്‍ക്ക് വരെ ഇത്തരത്തില്‍ ടിക്കറ്റുകള്‍ വാങ്ങാം. 

ആദ്യ ഘട്ടത്തിലേക്കുള്ള ടിക്കറ്റുകള്‍ വിസ ക്രെഡിറ്റ് കാര്‍ഡ്, വിസ ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ വിസ റീലോഡബിള്‍ പ്രീപെയ്ഡ് കാര്‍ഡ് വാങ്ങാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.