മിക്ക കനേഡിയന്‍ നഗരങ്ങളെ അപേക്ഷിച്ച് എഡ്മന്റണ്‍ കൂടുതല്‍ അഫോര്‍ഡബിളായ വിലയില്‍ തുടരുമ്പോള്‍ രാജ്യത്തെ ഏറ്റവും കൂടുതലും വേഗത്തിലുമായ വാടക വര്‍ധനയും എഡ്മന്റണിലാണെന്ന് റിപ്പോര്‍ട്ട്. Rentals.ca യുടെ ഓഗസ്റ്റ് മാസത്തെ റിപ്പോര്‍ട്ട് അനുസരിച്ച്, വാടകക്കാര്‍ക്ക് ഏറ്റവും ചെലവേറിയ 51 ആമത്തെ നഗരമാണ് എഡ്മന്റണ്‍. നഗരത്തില്‍ ഒരു വണ്‍ ബെഡ്‌റൂം യൂണിറ്റിന് ശരാശരി 1,391 ഡോളറാണ് നിരക്ക്. മുന്‍ മാസത്തെ അപേക്ഷിച്ച് 1.6 ശതമാനം വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് വിലയില്‍ 1.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
എഡ്മന്റണിലെ ടു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് നിലവില്‍ പ്രതിമാസം 1,759 ഡോളര്‍ ചെലവാകും. കഴിഞ്ഞ മാസത്തക്കാള്‍ 0.8 ശതമാനവും ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 0.6 ശതമാനവും വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ആല്‍ബെര്‍ട്ടയുടെ തലസ്ഥാനമായ എഡ്മന്റണില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വാടക 25.5 ശതമാനം വര്‍ധിച്ചു. കാനഡയിലെ ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണിത്. എഡ്മന്റണിന് പിന്നാലെ മോണ്‍ട്രിയലിലാണ് ഏറ്റവും വേഗതയേറിയ വാടക നിരക്ക് വളര്‍ച്ച. 15.1 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്.