ബ്രിട്ടീഷ് കൊളംബിയയില്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട് മൂന്ന് വര്‍ഷത്തിലേറെയായി ഒളിവില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാസംഘ നേതാവിനായുള്ള തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ആര്‍സിഎംപി. റാബിഹ് റോബി അല്‍ഖലീലിന് വേണ്ടിയാണ് തിരച്ചില്‍ നടത്തുന്നത്. 2022 ജൂലൈയില്‍ പോര്‍ട്ട് കോക്വിറ്റ്‌ലാമിലെ നോര്‍ത്ത് ഫ്രേസര്‍ പ്രീട്രയല്‍ സെന്ററില്‍ നിന്ന് കോണ്‍ട്രാക്ടര്‍മാരായി വേഷമിട്ട രണ്ട് പേരുടെ സഹായത്തോടെയാണ് അല്‍ഖലീല്‍ രക്ഷപ്പെട്ടത്. അന്നുമുതല്‍ അന്വേഷണ സംഘം തിരച്ചില്‍ നടത്തുകയാണ്.
കഴിഞ്ഞ രണ്ട് വര്‍ഷമായി കാനഡയിലെ ബോലോ 25 മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ അല്‍ഖലീല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 25,000 ഡോളര്‍ വരെ പ്രതിഫലവും അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അല്‍ഖലീല്‍ വളരെ അപകടകാരിയായ കുറ്റവാളിയാണെന്ന് ബോലോ പ്രോഗ്രാം ഡയറക്ടര്‍ മാക്‌സ് ലാംഗ്ലോയിസ് പറഞ്ഞു. അയാള്‍ക്ക് ശക്തമായ ക്രിമിനല്‍ റെക്കോര്‍ഡുണ്ട്. രണ്ടു തവണ ശിക്ഷിക്കപ്പെട്ട കൊലയാളിയാണ്. സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ട്. ഇന്റര്‍പോള്‍ അയാള്‍ക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റ വിചാരണ അവസാനിക്കാനിരിക്കെയാണ് അല്‍ഖലീല്‍ പ്രീട്രയല്‍ സെന്ററില്‍ നിന്നും രക്ഷപ്പെട്ടത്.