കാനഡയിലെ പ്രവിശ്യകളിലെ തൊഴിലില്ലായ്മാ നിരക്കില്‍ ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ മുന്നില്‍. തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത് ആല്‍ബെര്‍ട്ടയാണ്. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ ലേബര്‍ ഫോഴ്‌സ് സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോറിലെ തൊഴിലില്ലായ്മാ നിരക്ക് 10.7 ശതമാനമാണ്. 8.4 ശതമാനമാണ് ആല്‍ബെര്‍ട്ടയിലെ തൊഴിലില്ലായ്മാ നിരക്ക്. ഇത് ദേശീയ ശരാശരിയായ 7.1 ശതമാനത്തേക്കാള്‍ കൂടുതലാണ്.
കോവിഡ് കാലഘട്ടം മാറ്റിനിര്‍ത്തിയാല്‍ 2017 ന് ശേഷമുള്ള ആല്‍ബെര്‍ട്ടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നിര്‍മാണ മേഖലയിലും മൊത്ത-ചില്ലറ വ്യാപാര മേഖലയിലുമാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടം സംഭവിച്ചത്. പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സാമ്പത്തിക മാന്ദ്യത്തിന് ഫെഡറല്‍ സര്‍ക്കാരിന്റെ നയങ്ങളെ കുറ്റപ്പെടുത്തി ആല്‍ബെര്‍ട്ട തൊഴില്‍ മന്ത്രി ജോസഫ് ഷോ രംഗത്തെത്തി.
സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കുകള്‍ പ്രകാരം, ലെത്ത്ബ്രിഡ്ജിലെയും റെഡ് ഡീറിലെയും തൊഴിലില്ലായ്മാ നിരക്ക് ഓഗസ്റ്റില്‍ യഥാക്രമം 5.7 ശതമാനത്തില്‍ നിന്നും 6.7 ശതമാനമായി വര്‍ധിച്ചു. അതേസമയം, കാല്‍ഗറിയിലെ തൊഴിലില്ലായ്മ 2025 ജനുവരിയില്‍ 7.7 ശതമാനമായിരുന്ന അതേ നിലയില്‍ തന്നെ തുടരുകയാണ്. എഡ്മന്റണിലേത് 1.3 പോയിന്റെ ഉയര്‍ന്ന് 8.5 ശതമാനത്തിലെത്തി.