കാനഡയിൽ ക്ലിനിക്കൽ പരീക്ഷണത്തിൻ്റെ ഭാഗമായി ക്വാഡ്രിപ്ലെജിക് രോഗികളിൽ എലോൺ മസ്‌കിൻ്റെ ന്യൂറലിങ്ക് ബ്രെയിൻ ചിപ്പ് ഘടിപ്പിച്ചു

By: 600110 On: Sep 8, 2025, 9:45 AM

 

കാനഡയിൽ  2 ക്വാഡ്രിപ്ലെജിക് രോഗികളിൽ ക്ലിനിക്കൽ പരീക്ഷണത്തിൻ്റെ ഭാഗമായി എലോൺ മസ്‌കിൻ്റെ ന്യൂറലിങ്ക് ബ്രെയിൻ ചിപ്പ് ഘടിപ്പിച്ചു. ഈ സാങ്കേതികവിദ്യ സുരക്ഷിതവും രോഗികൾക്ക് സഹായകരവുമാണോ എന്ന് ക്ലിനിക്കൽ ട്രയൽ ടീം വിലയിരുത്തും. സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റ രണ്ട്  രോഗികൾക്ക് ആണ് ന്യൂറലിങ്ക് ബ്രെയിൻ ഇംപ്ലാൻ്റുകൾ സ്ഥാപിച്ചത്.  

2020-ൽ എലോൺ മസ്‌ക് പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തിയ ന്യൂറലിങ്ക് വയർലെസ് ബ്രെയിൻ ചിപ്പിൻ്റെ സുരക്ഷയും ഫലപ്രാപ്തിയും പരിശോധിക്കുന്നതിനായി അമേരിക്കയ്ക്ക് പുറത്തുള്ള ആദ്യത്തെ ക്ലിനിക്കൽ പരീക്ഷണത്തിൻ്റെ ഭാഗമാണിത്.  2024-ൽ തളർവാതം ബാധിച്ച ഒരു അമേരിക്കക്കാരനിലാണ് ഇത് ആദ്യമായി ഘടിപ്പിച്ചത്.  മനുഷ്യ മസ്തിഷ്കവും കമ്പ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016 ലാണ് ശതകോടീശ്വരനായ ഇലോൺ മസ്ക് ന്യൂറാലിങ്ക് സ്ഥാപിച്ചത്. ബ്രെയിൻ ചിപ്പ് മനുഷ്യനിൽ പരീക്ഷിക്കുന്നതിന് മുന്നോടിയായി നേരത്തേ കുരങ്ങുകളിൽ പരീക്ഷിച്ചത് അമേരിക്കയിൽ വലിയ വിവാദങ്ങളിലേക്കും നിയമ നടപടികളിലേക്കും നീങ്ങിയിരുന്നു. പാർക്കിൻസൺസും അൽഷിമേഴ്സുമടക്കം ന്യൂറോ സംബന്ധമായ അസുഖങ്ങൾക്ക് പ്രതിവിധി കണ്ടെത്തുക എന്നതാണ് ന്യൂറാലിങ്കിൻ്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കാലത്ത് ന്യൂറോടെക്നോളജിയിൽ വിപ്ലകരമായ നേട്ടമായാണ് ന്യൂറാലിങ്കിൻ്റെ വിജയത്തെ വിലയിരുത്തപ്പെടുന്നത്.