മുസ്‌കോകയില്‍ യുവാക്കളുടെ അശ്രദ്ധമായ തോക്കുപയോഗം; വൈറല്‍ വീഡിയോയ്ക്ക് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍ 

By: 600002 On: Sep 8, 2025, 9:00 AM

 

മുസ്‌കോകയില്‍ യുവാക്കള്‍ തോക്കുകള്‍ ഉപയോഗിച്ച് വെടിവെക്കുന്നതിന്റെ വൈറല്‍ വീഡിയോയ്ക്ക് പിന്നാലെ നത്തിയ അന്വേഷണത്തില്‍ 24 വയസ്സുള്ള ബ്രാംപ്ടണ്‍ സ്വദേശി അറസ്റ്റിലായതായി ബ്രേസ്ബ്രിഡ്ജ് ഒപിപി അറിയിച്ചു. അശ്രദ്ധമായി തോക്കുപയോഗിച്ച ഇന്ത്യന്‍ വംശജനായ ഗുര്‍കന്‍വാള്‍ സിംഗിനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ രണ്ട് കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഇയാളില്‍ നിന്നും തോക്കുകളും തോക്ക് ലൈസന്‍സും പിടിച്ചെടുത്തു. 

ജോര്‍ജിയന്‍ ബേ ടൗണ്‍ഷിപ്പിലെ മാക്റ്റിയറിനടുത്തുള്ള വുഡന്‍ സ്‌നോമൊബൈലിലേക്ക് എടിവി ട്രെയില്‍ പാലത്തില്‍ നിന്ന് വെടിവെയ്ക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു. വൈറല്‍ വീഡിയോയ്ക്ക് പിന്നാലെ ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരു പ്രതി അറസ്റ്റിലായത്. 

അതേസമയം, ഈ സമ്മര്‍സീസണില്‍ എല്ലാ വാരാന്ത്യങ്ങളിലും ഈ യുവാക്കള്‍ പ്രദേശത്ത് എത്താറുണ്ടെന്നും വെടിവെപ്പ് നടത്താറുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. അതിന് തെളിവായി അവിടങ്ങളില്‍ ആയിരക്കണക്കിന് വെടിയുണ്ടകളുടെ ദ്വാരങ്ങളും ഷെല്‍ കേസിംഗുകളും അവിടെ കാണാമെന്നും അവര്‍ പറഞ്ഞു.