അതി സമ്പന്നനായ ഇലോൺ മസ്ക് ലോകത്തിലെ ആദ്യ ട്രില്യണയറാവാൻ സാധ്യത. ടെസ്‌ലയുടെ പുതിയ ശമ്പള പാക്കേജ് പ്രകാരം കമ്പനിയുടെ മൂല്യം ഗണ്യമായി വർധിച്ചാൽ ഇലോൺ മസ്കിന് ലോകത്തിലെ ആദ്യ ട്രില്യണയർ ആകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഈ പാക്കേജ് മസ്കിന് 423.7 ദശലക്ഷം അധിക ടെസ്‌ല ഓഹരികൾ നൽകും. അതേസമയം കമ്പനിയുടെ മൊത്തം മൂല്യം 8.5 ട്രില്യൺ ഡോളറിൽ എത്തണം.
കമ്പനിയുടെ നിലവിലെ മൂല്യത്തെക്കാൾ വലിയ വളർച്ച നേടുകയാണെങ്കിലാണ്, മസ്കിന് ടെസ്‌ല ഓഹരികൾ അധികമായി ലഭിക്കുക. ഇതനുസരിച്ച് കമ്പനിയുടെ വിപണി മൂല്യം 2 ട്രില്യൺ ഡോളറിലെത്തുകയും 20 ദശലക്ഷം വാഹന ഡെലിവറികൾ വളരെ നേരത്തെ തന്നെ കൈവരിക്കുകയും വേണം. എന്നാൽ 2024 ൽ ടെസ്‌ല രണ്ട് ദശലക്ഷത്തിൽ താഴെ വാഹനങ്ങൾ മാത്രമാണ് വിതരണം ചെയ്തത്. കൂടാതെ ടെസ്‌ല ഒരു ദശലക്ഷം സെൽഫ് ഡ്രൈവിംഗ് ടാക്സികളും ഒരു ദശലക്ഷം AI ബോട്ടുകളും പുറത്തിറക്കുകയും വേണം. ലോകത്തിലെ ഏറ്റവും ധനികനായ എലോൺ മസ്‌കിന് കൂടുതൽ ഓഹരികൾ ലഭിക്കാൻ കുറഞ്ഞത് ഏഴര വർഷമെങ്കിലും ടെസ്‌ലയിൽ തുടരേണ്ടിവരും, കൂടാതെ മുഴുവൻ തുകയും ലഭിക്കാൻ 10 വർഷവും ആവശ്യമാണ്. അദ്ദേഹത്തിൻ്റെ പേയ്‌മെൻ്റ് പൂർണ്ണമായും ടെസ്‌ല ഓഹരികളായിട്ടായിരിക്കും നല്കുക. പുതിയ ശമ്പള പാക്കേജ് പ്രകാരം ലക്ഷ്യങ്ങൾ കൈവരിച്ചാൽ മസ്കിന് 423.7 ദശലക്ഷം അധിക ടെസ്‌ല ഓഹരികൾ ലഭിക്കും. ഇന്നത്തെ ഓഹരി മൂല്യം അനുസരിച്ച് ഇതിന് 143.5 ബില്യൺ ഡോളറിന് അടുത്ത് വിലയുണ്ട്. നവംബർ ആറിന് നടക്കുന്ന വാർഷിക യോഗത്തിൽ ടെസ്‌ല ഓഹരി ഉടമകൾ ഈ നിർദ്ദേശത്തിൽ വോട്ട് ചെയ്യും.