അസാധാരണവും വളരെ കൗതുകകരവുമായ സംഭവങ്ങള്‍ക്ക് പേരുകേട്ടതാണ് ആല്‍ബെര്‍ട്ട. പ്രവിശ്യയില്‍ എല്ലാ വര്‍ഷവും കൗതുകകരമായ വിവിധങ്ങളായ ആഘോഷങ്ങളും മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. അത്തരത്തില്‍ ഒന്നാണ് ഭാര്യമാരെ ചുമന്ന് കൊണ്ടുള്ള ഓട്ടമത്സരം. ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ തോളില്‍ ചുമന്ന് കൊണ്ട് തടസ്സങ്ങള്‍ മറികടന്ന് ഓടി വിജയിക്കുന്നതാണ് മത്സരം. വൈഫ്-കാരിയിംഗ് മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ലഭിക്കുന്നത് ഭാര്യയുടെ തൂക്കത്തിന്റെ അത്രയും ബിയറും പണവുമാണ്.
നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ടയിലെ ലേക്ക്‌ലാന്‍ഡ് കൗണ്ടി മേളയ്‌ക്കൊപ്പം ലാക് ലാ ബിച്ചെ അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വെറുതെ ഓടുകല്ല, ഓട്ടത്തിനിടയിക്ക് പ്രതിബദ്ധങ്ങള്‍ ഏറെയുണ്ടാകും. നനഞ്ഞതും വരണ്ടതുമായ സ്ഥലങ്ങളുണ്ടാകും ഇതെല്ലാം മറികടന്ന് ഫിനിഷിംഗ് പോയിന്റിലെത്തുന്നവര്‍ വിജയികളാകും. 2023 ലാണ് ആല്‍ബെര്‍ട്ട വൈഫ് കാരിയിംഗ് ചാമ്പ്യന്‍ഷിപ്പ് ലാക് ലാ ബിച്ചെ അഗ്രികള്‍ച്ചറല്‍ സൊസൈറ്റി ആരംഭിച്ചത്.
മത്സരാര്‍ത്ഥികള്‍ ഒരു സമയം രണ്ട് ടീമുകളായി റേസ് കോഴ്‌സ് നടത്തുന്നു. ഏറ്റവും വേഗതയേറിയ മൂന്ന് ടീമുകള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കും. ടീമംഗങ്ങള്‍ നിയമപരമായി വിവാഹിതരായിരിക്കണമെന്നില്ല. എന്നാല്‍ 20 വയസ് പ്രായമുണ്ടായിരിക്കണം.
1992 ല്‍ ഫിന്‍ലന്‍ഡിലാണ് ആദ്യമായി ഭാര്യയെ ചുമന്ന് കൊണ്ടുള്ള ഓട്ടമത്സരം ആരംഭിച്ചത്. ഫിന്‍ലന്‍ഡിലെ സോങ്കജാര്‍വിയില്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് വൈഫ് കാരിയിംഗ് എന്ന പേരിലാണ് മത്സരം നടക്കുന്നത്.