കനേഡിയന്‍ ഫിന്‍ടെക് കമ്പനിയായ വെല്‍ത്ത്‌സിംപിളിന് നേരെ നടന്ന സൈബര്‍ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അധികൃതര്‍. വെല്‍ത്ത്‌സിംപിളില്‍ അക്കൗണ്ട് ഉള്ളവരുടെ വിവരങ്ങള്‍ ചോര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്നും എപ്പോഴും ഇമെയില്‍ പരിശോധിക്കാനും കമ്പനി മുന്നറിയിപ്പ് നല്‍കി. ഓഗസ്റ്റ് 30 നാണ് സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്.
സൈബര്‍ ആക്രമണം ഉണ്ടായെന്ന് കണ്ടെത്തിയ ഉടന്‍ തന്നെ തങ്ങള്‍ നടപടികള്‍ സ്വീകരിച്ചതായും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രശ്‌നം പരിഹരിച്ചതായും കമ്പനി അറിയിച്ചതായി റെഡ്ഡിറ്റില്‍ ചില ക്ലയ്ന്റുകള്‍ പങ്കുവെച്ച ഇമെയില്‍ പ്രസ്താവനയില്‍ പറഞ്ഞു. സുരക്ഷാവീഴ്ചയുടെ ഫലമായി ഒരു ശതമാനത്തില്‍ താഴെ ഉപഭോക്താക്കളുടെ സ്വകാര്യ ഡാറ്റ ഒരു ചെറിയ കാലയളവിലേക്ക് അനുമതിയില്ലാതെ ആക്‌സസ് ചെയ്യപ്പെട്ടതായി കമ്പനി വ്യക്തമാക്കി. മൂന്ന് മില്യണിലധികം ഉപഭോക്താക്കളാണ് വെല്‍ത്ത്‌സിംപിളിനുള്ളത്.
സെപ്റ്റംബര്‍ അഞ്ചിന് സൈബര്‍ ആക്രമണത്തിന് ഇരയായ വ്യക്തികള്‍ക്ക് കമ്പനി ഇമെയില്‍ അയച്ചിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും കമ്പനി അറിയിച്ചു. ഡാറ്റാ ലംഘനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെല്‍ത്ത്‌സിംപിള്‍ വെബ്‌സൈറ്റില്‍ പങ്കുവെച്ചിട്ടുണ്ട്.