ബീസിയില്‍ വെള്ളച്ചാട്ടത്തിന് മുകളിലൂടെ നടക്കുന്നതിനിടയില്‍ വഴുതിവീണ് രണ്ട് വനിതാ ഹൈക്കര്‍മാര്‍ മരിച്ചു; ഒരാളെ കാണാതായി

By: 600002 On: Sep 4, 2025, 12:13 PM

 

 
ബ്രിട്ടീഷ് കൊളംബിയയില്‍ വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്നും താഴേക്ക് വീണ് രണ്ട് സാഹസിക സഞ്ചാരികള്‍ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഇവരോടൊപ്പമുണ്ടായിരുന്ന കാണാതായ മറ്റൊരു സഞ്ചാരി മരിച്ചിരിക്കാമെന്നും പോലീസ് പറഞ്ഞു. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. തിങ്കളാഴ്ച എസ്ഒഎസ് സിഗ്നല്‍ പ്രകാരം മൂന്ന് ഹൈക്കര്‍മാര്‍ മച്ചന്‍ ക്രീക്ക് വെള്ളച്ചാട്ടത്തിന് മുകളിലൂടെ നടക്കുന്നതിനിടയില്‍ താഴേക്ക് വീണതായി കിംബര്‍ലി ആര്‍സിഎംപി റിപ്പോര്‍ട്ട് ചെയ്തു. 

വെള്ളച്ചാട്ടത്തിന്റെ പകുതിയോളം താഴെ നിന്ന് 68 വയസ്സുള്ള ഒരു സ്ത്രീയുടെ മൃതദേഹം ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പിന്നീടുള്ള തിരച്ചിലില്‍ 35 വയസ്സുള്ള മറ്റൊരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മരിച്ചതായി കരുതപ്പെടുന്ന 35 വയസ്സുള്ള പുരുഷനായി തിരച്ചില്‍ തുടരുകയാണ്. മരണങ്ങളില്‍ സംശയാസ്പദമായി ഒന്നുമില്ലെങ്കിലും അന്വേഷണം നടത്തുന്നുണ്ടെന്ന് ആര്‍സിഎംപി വ്യക്തമാക്കി.