നഗരത്തിലുടനീളം ശ്രദ്ധ തിരിക്കുന്ന രീതിയിലുള്ള മോഷണങ്ങള്‍ സമീപകാലത്തായി വര്‍ധിച്ചതായി ടൊറന്റോ പോലീസ് റിപ്പോര്‍ട്ട് ചെയ്തു. ദുര്‍ബലരായ, പ്രായമായ ആളുകളെ ലക്ഷ്യം വെച്ചുള്ള കുറ്റകൃത്യങ്ങള്‍ ഒരു പ്രവണതയായി വര്‍ധിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഫീല്‍ഡ് സര്‍വീസസ് ചീഫ് സൂപ്രണ്ട് മന്‍ദീപ് മാന്‍ പ്രശ്‌നത്തിന്റെ വ്യാപ്തി വിശദീകരിക്കുകയും ഈ കുറ്റകൃത്യങ്ങളില്‍ നിന്ന് സ്വയം രക്ഷനേടാനും സുരക്ഷിതരാകാനും താമസക്കാരെ സഹായിക്കുന്നതിനുള്ള ടിപ്‌സുകള്‍ പങ്കുവയ്ക്കുകയും ചെയ്തു.
അതേസമയം, പോലീസ് ഡാറ്റ പ്രകാരം, നഗരത്തില്‍ വെടിവെയ്പ്പുകള്‍ 27 ശതമാനവും കൊലപാതകങ്ങള്‍ 56 ശതമാനവും വാഹനമോഷണങ്ങള്‍ 33 ശതമാനവും കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം ശ്രദ്ധ തിരിച്ചുള്ള മോഷണങ്ങളും കുറ്റകൃത്യങ്ങളും 350 ല്‍ അധികം റിപ്പോര്‍ട്ട് ചെയ്തു. 2024 ല്‍ ഇതേ കാലയളവില്‍ ഇത് വെറും 28 എണ്ണമായിരുന്നു. കുറ്റകൃത്യങ്ങളില്‍ ഇരകളായവരില്‍ പലരും പരാതിപ്പെടാത്തതിനാല്‍ യഥാര്‍ത്ഥ എണ്ണം വളരെ കൂടുതലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. 60 നും 90 നും ഇടയില്‍ പ്രായമുള്ളവരെയും ഒറ്റയ്ക്ക് കഴിയുന്നവരെയും ആഭരണങ്ങള്‍ ധരിച്ചിരിക്കുന്നവരെയുമാണ് ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്നത്.
മിക്ക സംഭവങ്ങളും നടക്കുന്നത് പ്രവൃത്തി ദിവസങ്ങളിലാണ്. പുലര്‍ച്ചെ മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയുള്ള സമയങ്ങളിലാണ് കുറ്റകൃത്യങ്ങള്‍ കൂടുതലായി നടക്കുന്നത്. വാണിജ്യ പാര്‍ക്കിംഗ് സ്ഥലങ്ങളിലും, സിറ്റി സ്ട്രീറ്റുകളിലും, സ്വന്തം സ്ഥലങ്ങളില്‍ പോലും കുറ്റകൃത്യങ്ങളില്‍ ഇരകളാകുന്നുണ്ട്.
ടൊറന്റോയ്ക്ക് പുറത്തേക്കും ഇത്തരം കുറ്റകൃത്യങ്ങള്‍ വ്യാപിക്കുന്നുണ്ട്. വില പിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്നതിന് മുമ്പ് ഇരയുടെ വിശ്വാസം നേടുന്നതിനായി വ്യാജ അടിയന്തരാവസ്ഥകള്‍, സങ്കീര്‍ണമായ കഥകള്‍ പോലുള്ള തന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ശ്രദ്ധ തിരിക്കുന്ന മോഷണങ്ങള്‍ ദേശീയതലത്തില്‍ വര്‍ധിച്ചുവരുന്നതായി പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.