ജപ്പാനില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ മെഡിക്കല്‍ എമര്‍ജന്‍സി; ആല്‍ബെര്‍ട്ടയിലെ കുടുംബത്തിന് ചെലവായത് 100,000 ഡോളര്‍

By: 600002 On: Sep 3, 2025, 5:14 PM

 


ജപ്പാനില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ ആല്‍ബെര്‍ട്ടയിലെ കുടുംബത്തിന് മെഡിക്കല്‍ എമര്‍ജന്‍സി കാരണം ഏകദേശം 100,000 ഡോളര്‍ ചെലവായി. കഴിഞ്ഞ ജൂലൈയില്‍ ഓകോടോക്‌സ് സ്വദേശികളായ ഡയോണ്‍ ആമുണ്ട്‌സണും മകന്‍ പെയ്റ്റണും രണ്ടാഴ്ച അവധിയാഘോഷിക്കാന്‍ ജപ്പാനിലെത്തിയതായിരുന്നു. ഇതിനിടയിലാണ് ഡയോണിന് അസുഖം ബാധിക്കുന്നത്. ഉടന്‍ ഡയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ആശുപത്രിയില്‍ പരിശോധനയ്ക്ക് ശേഷം കുടലില്‍ ദ്വാരമുണ്ടെന്നും അണുബാധയായെന്നും കണ്ടെത്തി. സെപ്‌സിസ് എന്ന രോഗാവസ്ഥയാണെന്ന് സ്ഥിരീകരിച്ചു. ജാപ്പനീസ് ഡോക്ടര്‍മാര്‍ കുറച്ച് ദിവസത്തേക്ക് ആന്റിബയോട്ടിക് ചികിത്സ നല്‍കി. എന്നാല്‍ അത് മെച്ചമുണ്ടാക്കിയില്ല. 

ചികിത്സയില്‍ പുരോഗതിയില്ലാത്തതിനാല്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. ഇതിനെല്ലാം കൂടി നല്ലൊരു തുക തനിക്ക് ചെലവായതായി പെയ്‌തോണ്‍ പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡില്‍ ഒറ്റത്തവണ പണമടയ്ക്കാനോ പണമായി നല്‍കാനോ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ബില്ലടയ്ക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് ആശുപത്രി അധികൃതരോട് പറഞ്ഞു. 

തുടര്‍ന്ന് അപ്രതീക്ഷിത ചെലവുകള്‍ നേരിടാന്‍ ഒരു കുടുംബ സുഹൃത്ത് GoFundMe  പേജ് ആരംഭിച്ചു. ഇതിലൂടെ 20,000 ഡോളറിലധികം സമാഹരിക്കാന്‍ സാധിച്ചു. പിന്നീട് ആശുപത്രി ബില്ലുകള്‍ അടച്ചു. അപ്രതീക്ഷിതമായ മെഡിക്കല്‍ എമര്‍ജന്‍സി കാരണം കാനഡയിലേക്കുള്ള മടക്കയാത്ര ഒരു മാസത്തിലധികം നീണ്ടതായി കുടുംബം പറഞ്ഞു. ഓഗസ്റ്റ് 21 ന് ഓകോടോക്‌സിലേക്ക് മടങ്ങി.