ഗ്രേറ്റര്‍ ടൊറന്റോയില്‍ വരും മാസങ്ങളില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നതായി യാത്രക്കാര്‍. നിരവധി പ്രധാന തൊഴിലുടമകള്‍ ഓഫീസ് സമയം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതിനാല്‍ നിരത്തുകളില്‍ കൂടുതല്‍ വാഹനങ്ങളും യാത്രക്കാരുമുണ്ടാകും. ഇത് വലിയ ഗതാഗത കുരുക്കിന് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോലിക്കായി ഓഫീസിലേക്ക് മടങ്ങാനുള്ള ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പു തന്നെ നഗരത്തിലെ വാഹനഗതാഗതം നിര്‍ണായ ഘട്ടത്തിലാണെന്ന് നിരീക്ഷകര്‍ പറയുന്നു. അതേസമയം, കാലതാമസം, നിര്‍മാണം, പൊതുസുരക്ഷാ ആശങ്കകള്‍ എന്നിവ പൊതുഗതാഗതത്തെ ബാധിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.
ജോലിയിലേക്ക് മടങ്ങാനുള്ള ഉത്തരവ് റോഡുകളില്‍ തിരക്ക് വര്‍ധിപ്പിക്കുകയും യാത്രകളെ സാരമായി ബാധിക്കുകയും ചെയ്യുമെന്ന് നയരൂപീകരണ വിദഗ്ധരും യാത്രക്കാരും ഒരുപോലെ ആശങ്കപ്പെടുന്നതായി ടൊറന്റോ സിറ്റി മുന്‍ ചീഫ് പ്ലാനര്‍ ജെന്നിഫര്‍ കീസ്മാറ്റ് പറഞ്ഞു. ടൊറന്റോയില്‍ മാത്രമല്ല, പല കനേഡിയന്‍ നഗരങ്ങളിലും വാഹന ഗതാഗതത്തിലെ ചെറിയ വര്‍ധനവ് പോലും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ റോഡ് ശേഷി ഇല്ലെന്നും ഇത് കൂടുതല്‍ യാത്രാ സമയം, നിരാശ, ഉല്‍പ്പാദന ക്ഷമതാ നഷ്ടം എന്നിവയിലേക്ക് നയിച്ചേക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ടിടിസിയില്‍ ആഴ്ചയിലെ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആളുകള്‍ കൂടുതലായി ഓഫീസിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഇതില്‍ വര്‍ധനയുണ്ടാകും. കൂടാതെ ആ ദിവസങ്ങളില്‍ കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി സിസ്റ്റത്തിനുണ്ടെന്നും അധികൃതര്‍ പറഞ്ഞു.