വാഷിംഗ്‌ടണ്‍: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ലോകത്തെ മാറ്റിമറിക്കുകയാണ്. എഐക്ക് ഗുണങ്ങളെപ്പോലെതന്നെ ദോഷങ്ങളും ദുരുപയോഗങ്ങളുമുണ്ട്. എഐയുടെ പ്രതികൂല ഫലങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വർധിച്ചുവരികയാണ്. കുട്ടികളിൽ എഐയുടെ ദോഷകരമായ ഫലങ്ങളെക്കുറിച്ചുള്ള നിരവധി ഭയാനകമായ കേസുകൾ അടുത്തകാലത്തായി പുറത്തുവന്നു. ഇപ്പോഴിതാ കുട്ടികളെ അപകടത്തിലാക്കുന്ന എഐ ടെക് ഭീമന്മാർക്കെതിരെ കർശന നിലപാട് സ്വീകരിച്ചുതുടങ്ങിയിരിക്കുകയാണ് അമേരിക്ക.
എഐയെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച് അമേരിക്കയിലെ 44 സംസ്ഥാനങ്ങളുടെയും അറ്റോർണി ജനറൽമാർ ലോകത്തിലെ മുൻനിര എഐ കമ്പനികൾക്ക് ഒരു സംയുക്ത കത്തെഴുതി. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഓപ്പൺഎഐ, എക്‌സ്‌എഐ, മെറ്റ തുടങ്ങിയ കമ്പനികൾക്കാണ് അറ്റോർണി ജനറലിന്‍റെ ഈ കത്ത്. എഐ ചാറ്റ്ബോട്ടുകളിൽ നിന്ന് കുട്ടികളെ സുരക്ഷിതമായി സൂക്ഷിക്കുക, അല്ലാത്തപക്ഷം ഗുരുതരമായ നിയമ പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാകുക എന്ന് ഈ കത്തിൽ അധികൃതർ വ്യക്തമാക്കി. കുട്ടികളെ അപകടത്തിൽ നിന്ന് സംരക്ഷിക്കുക എന്നത് യാതൊരുവിധത്തിലും വിട്ടുവീഴ്‌ചയും ചെയ്യാനാവാത്ത കാര്യമാണെന്ന് നാഷണൽ അസോസിയേഷൻ ഓഫ് അറ്റോർണി ജനറൽ (എൻഎഎജി) ഈ കത്തിൽ ഊന്നിപ്പറഞ്ഞു.
അടുത്തിടെ, ചാറ്റ്‍ജിപിടിയുടെ പ്രേരണയാൽ 16 വയസുള്ള ഒരു ആൺകുട്ടി ആത്മഹത്യ ചെയ്‌ത ഞെട്ടിക്കുന്ന ഒരു കേസ് പുറത്തുവന്നിരുന്നു. ചാറ്റ്‍ജിപിടി ഈ കുട്ടിക്ക് ആത്മഹത്യ ചെയ്യാനുള്ള വഴികൾ നിർദ്ദേശിക്കുക മാത്രമല്ല തന്‍റെ പ്രശ്‍നം കുടുംബവുമായി പങ്കുവെക്കരുതെന്ന് സമ്മർദ്ദം ചെലുത്തിയെന്നും ആരോപണം ഉയർന്നിരുന്നു. ഈ സംഭവം കുട്ടികളിൽ എഐ ഉണ്ടാക്കുന്ന ഗുരുതരമായ മാനസിക പ്രത്യാഘാതങ്ങളുടെ ഒരു ഉദാഹരണം മാത്രമാണ്. ഇത്തരത്തിലുള്ള മറ്റ് നിരവധി കേസുകളും അമേരിക്കൻ സർക്കാർ അധികൃതരെ ഈ ടെക് ഭീമന്മാർക്കെതിരെ നിലപാടെടുക്കാൻ നിർബന്ധിതരാക്കിയിട്ടുണ്ട്.