മരിച്ചതായി തെറ്റിദ്ധരിപ്പിച്ച് കാനഡ വഴി യൂറോപ്പിലേക്ക് പലായനം ചെയ്തു; യുഎസ് കയാക്കര്‍ക്ക് 89 ദിവസത്തെ ജയില്‍ ശിക്ഷ 

By: 600002 On: Sep 1, 2025, 10:43 AM

 

മരിച്ചതായി തെറ്റിദ്ധരിപ്പിച്ച് കാനഡ വഴി യൂറോപ്പിലേക്ക് പലായനം ചെയ്ത യുഎസ് കയാക്കര്‍ക്ക് 89 ദിവസത്തെ ജയില്‍ ശിക്ഷ വിധിച്ചു. വിസ്‌കോണ്‍സിനില്‍ നിന്നുള്ള റയാന്‍ ബോര്‍ഗ്വാര്‍ഡി(45)നാണ് ശിക്ഷ വിധിച്ചത്.  2024 ഓഗസ്റ്റില്‍ മത്സ്യബന്ധനത്തിനിടെ തന്റെ ഫോണും ഐഡിയും ബോട്ടും ഉപേക്ഷിച്ച് ബോര്‍ഗ്വാര്‍ഡി അപ്രത്യക്ഷനാവുകയായിരുന്നു. ബോട്ട് മറിഞ്ഞ് ബോര്‍ഗ്വാര്‍ഡിന് അപകടം സംഭവിച്ചുവെന്നാണ് മറ്റുള്ളവര്‍ കരുതിയത്. മരിച്ചുവെന്ന് കരുതി അദ്ദേഹത്തിന്റെ മൃതദേഹത്തിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. 

പിന്നീട് നടത്തിയ അന്വേഷണത്തില്‍ കാനഡയിലേക്കും പിന്നീട് ജോര്‍ജിയയിലേക്കും പലായനം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഓണ്‍ലൈനില്‍ പരിചയപ്പെട്ട ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ള സ്ത്രീയെ കാണാന്‍ വേണ്ടിയാണ് ഇയാള്‍ ജോര്‍ജിയയിലേക്ക് പോയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

മരിച്ചതായി കബളിപ്പിച്ച് കടന്നുകളഞ്ഞ ബോര്‍ഗ്വാര്‍ഡിന് ഗ്രീന്‍ ലേക്ക് കൗണ്ടി സര്‍ക്യൂട്ട് ജഡ്ജി മാര്‍ക്ക് സ്ലേറ്റ് 89 ദിവസത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഡിസംബര്‍ മാസത്തോടെയാണ് ബോര്‍ഗ്വാര്‍ഡ് യുഎസിലേക്ക് തിരിച്ചുവന്നത്. ബോര്‍ഗ്വാര്‍ഡിനെ അന്വേഷിക്കാന്‍ അയച്ച സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സംഘങ്ങള്‍ ചെലവഴിച്ച ചെലവുകള്‍ക്ക് 30,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ശിക്ഷ വിധിക്കുന്നതിന് മുമ്പ് തന്റെ പ്രവൃത്തികളില്‍ ക്ഷമാപണം നടത്തുന്നതായി ബോര്‍ഗ്വാര്‍ഡ് കോടതിയില്‍ പറഞ്ഞു. നാല് കുട്ടികളുടെ പിതാവായ ബോര്‍ഗ്വാര്‍ഡിനെ സംഭവത്തിന് ശേഷം ഭാര്യ ഡിവോഴ്‌സ് ചെയ്തു.