ക്യുബെക്ക് ആസ്ഥാനമായുള്ള ചാര്‍ജിംഗ് നെറ്റ്‌വര്‍ക്ക് ഓപ്പറേറ്ററായ ഫ്‌ളോ(Flo)യുമായുള്ള പങ്കാളിത്തത്തില്‍ കാനഡയിലുടനീളമുള്ള 100 റസ്‌റ്റോറന്റുകളില്‍ ഇലക്ട്രിക് വെഹിക്കിള്‍ ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുമായി ടിം ഹോര്‍ട്ടണ്‍സ്. 2028 അവസാനത്തോടെ പദ്ധതി പൂര്‍ത്തികരിക്കാനാണ് ലക്ഷ്യം. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഫാസ്റ്റ് ചാര്‍ജിംഗ് സംയോജിപ്പിക്കാന്‍ ഈ പങ്കാളിത്തം സഹായിക്കുമെന്ന് ഫ്‌ളോ സിഇഒ ലൂയിസ് ട്രെംബ്ലെ പറഞ്ഞു.
പദ്ധതിയുടെ ആദ്യഘട്ടമായി സസ്‌ക്കാച്ചെവനില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. റെജീനയിലാണ് ഈ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ 13 റെസ്‌റ്റോറന്റുകളിലും 2026 ആകുമ്പോഴേക്കും 50 റെസ്‌റ്റോറന്റുകളിലും അധിക സ്‌റ്റേഷനുകള്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഓരോ ടിം ഹോര്‍ട്ടണ്‍സ് സൈറ്റിലും ശരാശരി നാല് ചാര്‍ജിംഗ് സ്‌പോട്ടുകള്‍ ഉണ്ടായിരിക്കും.
ഫ്‌ളോ അള്‍ട്രാ ഫാസ്റ്റ് ചാര്‍ജറുകള്‍ എന്ന ചാര്‍ജിംഗ് യൂണിറ്റുകള്‍ക്ക് 10 മിനിറ്റിനുള്ളില്‍ 120 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് നല്‍കാന്‍ കഴിയും. പത്ത് പ്രവിശ്യകളിലും ഈ സേവനം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. മൊത്തത്തില്‍ ടിം ഹോര്‍ട്ടണ്‍സ് ലൊക്കേഷനുകളില്‍ ഏകദേശം 400 ഫാസ്റ്റ് ചാര്‍ജിംഗ് സ്‌പോട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.