പൊതു ഇടങ്ങളില്‍ വ്യാജ ക്യുആര്‍ കോഡ്; വാന്‍കുവറില്‍ ഹൈടെക് തട്ടിപ്പുകള്‍ വര്‍ധിക്കുന്നു;  പൊതുജനങ്ങള്‍ക്ക് പോലീസ് മുന്നറിയിപ്പ്  

By: 600002 On: Aug 30, 2025, 12:24 PM


രാജ്യത്തുടനീളമുള്ള ആളുകളെ ലക്ഷ്യം വെച്ച് ഹൈടെക് തട്ടിപ്പുകള്‍ ബ്രിട്ടീഷ് കൊളംബിയയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി വാന്‍കുവര്‍ പോലീസ് അറിയിച്ചു. പൊതുജനങ്ങള്‍ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.  പ്രദേശങ്ങളില്‍ പൊതു ഇടങ്ങളില്‍ വ്യാജ ക്യുആര്‍ കോഡുകള്‍ പ്രചരിക്കുന്നതായി വിപിഡി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നവരുടെ വ്യക്തിഗത, സാമ്പത്തിക വിവരങ്ങള്‍ തട്ടിപ്പുകാര്‍ ചോര്‍ത്തുമെന്ന് പോലീസ് പറഞ്ഞു. ഒകനാഗന്‍ വാലി സിറ്റിയിലെ യാത്രക്കാരെ കബളിപ്പിക്കുന്ന തരത്തില്‍ നാഷണല്‍ ക്യുആര്‍ കോഡ് പാര്‍ക്കിംഗ് സ്‌കാമിനെക്കുറിച്ച് പെന്റിക്റ്റണ്‍ ആര്‍സിഎംപി താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് വാന്‍കുവര്‍ പോലീസിന്റെ മുന്നറിയിപ്പ് വരുന്നത്. 

ഈ വ്യാജ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നത് പേയ്‌മെന്റ് വിവരങ്ങള്‍ മോഷ്ടിക്കുന്നതിനോ ഡിവൈസുകളില്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനോ ഒരു ഫിഷിംഗ് സൈറ്റിലേക്ക് സൈന്‍അപ്പ് ചെയ്യിപ്പിച്ചേക്കാമെന്ന് വിപിഡി മുന്നറിയിപ്പില്‍ പറയുന്നു. പാര്‍ക്കിംഗ് മീറ്ററുകള്‍ അല്ലെങ്കില്‍ മെഷീനുകള്‍, റെസ്റ്റോറന്റ് മെനു, ഡെലിവിറി നോട്ടീസ്, ഈവന്റ് ടിക്കറ്റ്, പോസ്റ്റര്‍, എടിഎം, ബസ് സ്‌റ്റോപ്പുകള്‍, ഇമെയില്‍, ടെക്സ്റ്റ് മെസേജ് തുടങ്ങിയവയിലെല്ലാം വ്യാജ ക്യുആര്‍ തട്ടിപ്പുകാര്‍ പതിപ്പിക്കാന്‍ സാധ്യതയുണ്ട്. സംശയാസ്പാദമായവ കാണുകയാണെങ്കില്‍ അവയുടെ ആധികാരികത പരിശോധിച്ചു മാത്രം പ്രവര്‍ത്തിക്കണമെന്നും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു.