കാനഡയിലെത്തുന്ന പുതിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം 70 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട് 

By: 600002 On: Aug 29, 2025, 11:49 AM

 


കാനഡയുടെ ശക്തമായ കുടിയേറ്റ നയത്തിന്റെ ഫലമായി രാജ്യത്തെത്തുന്ന പുതിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(IRCC) അറിയിച്ചു. ഈ വര്‍ഷം ജനുവരിയില്‍ കാനഡ 11,235 പുതിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പഠന പെര്‍മിറ്റുകള്‍ നല്‍കിയിരുന്നുവെങ്കിലും അടുത്ത മാസങ്ങളില്‍ ആ സംഖ്യകളില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയതായി ഐആര്‍സിസി പറയുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ കാനഡ ആകെ 36,417 പഠന അനുമതികള്‍ മാത്രമാണ് നല്‍കിയത്. അതേസമയം, 2024 ല്‍ ഇതേ കാലയളവില്‍ 125,034 പഠന അനുമതികള്‍ നല്‍കി. 

2025 ന്റെ ആദ്യ പകുതിയില്‍ 88,617 പുതിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. അതായത് 70 ശതമാനം കുറവ്. 2025 മാര്‍ച്ചിലാണ് ഏറ്റവും കുറഞ്ഞ പഠന പെര്‍മിറ്റുകള്‍ നല്‍കിയത്, 3,819 എണ്ണം മാത്രം. 2024 മാര്‍ച്ചില്‍ 16,875 പെര്‍മിറ്റുകളെ അപേക്ഷിച്ച് ഇത് ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. 

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിലെ ഇടിവ് കാരണം ബീസി സര്‍വകലാശാലയില്‍ അടുത്തിടെ വീണ്ടും പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു. മറ്റ് സര്‍വകലാശാലകളിലും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രവേശനങ്ങളില്‍ കുറവുണ്ടായി. ഇനി വരുന്ന വര്‍ഷങ്ങളിലും ഗണ്യമായ കുറവുണ്ടാകുമെന്ന് ഐആര്‍സിസി ചൂണ്ടിക്കാട്ടുന്നു.