ഓട്ടവയില്‍ വെസ്റ്റ് നൈല്‍ വൈറസ് രോഗബാധ ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചതായി ഒപിഎച്ച്  

By: 600002 On: Aug 28, 2025, 10:15 AM

 


ഓട്ടവയില്‍ വെസ്റ്റ് നൈല്‍ വൈറസ്(WNV) ബാധ ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചതായി ഓട്ടവ പബ്ലിക് ഹെല്‍ത്ത്(OPH)  റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഓട്ടവയില്‍ ഒരാളുടെ മരണത്തിന് കാരണമായ കൊതുകുകള്‍ വഴി പകരുന്ന മറ്റൊരു രോഗമായ ഈസ്‌റ്റേണ്‍ എക്വിന്‍ എന്‍സെഫലൈറ്റിസ് വൈറസ്(ഇഇഇവി) ഒരു കുതിരയെ ബാധിച്ചതായും ഒപിഎച്ച് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

EEEV  കുതിരകളെ ബാധിക്കുകയും അപൂര്‍വ്വമായി കൊതുകുകള്‍ വഴി മനുഷ്യരെ ബാധിക്കുകയും ചെയ്യുന്നു. എന്നാല്‍ കുതിരകളില്‍ നിന്ന് മനുഷ്യരെ നേരിട്ട് ബാധിക്കില്ലെന്നും ഒപിഎച്ച് അറിയിച്ചു. ഒന്റാരിയോയില്‍ മനുഷ്യനില്‍ രോഗം ബാധിച്ച നാല് കേസുകള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടൂള്ളൂ. എന്നാല്‍ ഇത് ഗുരുതരമായി നാഡീവ്യവസ്ഥയെ ബാധിക്കുകയും മരണത്തിനു കാരണമാവുകയും ചെയ്‌തേക്കാമെന്ന് ഒപിഎച്ച് മുന്നറിയിപ്പ് നല്‍കുന്നു. 

ഒപിഎച്ച് പറയുന്നതനുസരിച്ച്, വെസ്റ്റ്‌നൈല്‍ വൈറസ് ബാധിച്ച മിക്ക ആളുകളിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടാകില്ല. പക്ഷേ ഏകദേശം 20 ശതമാനം പേര്‍ക്ക് ഇന്‍ഫ്‌ളുവന്‍സ പോലുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെട്ടേക്കാം. ഒരു ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് രോഗം ഗുരുതരമായേക്കാം. പ്രായത്തിനനുസരിച്ച് രോഗസാധ്യത വര്‍ധിക്കുന്നു.