ഹാര്‍ഡ്‌വെയര്‍ സ്‌റ്റോറുകളില്‍ മോഷണം നടത്തിയ കാല്‍ഗറി പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍ 

By: 600002 On: Aug 28, 2025, 9:51 AM

 

കാല്‍ഗറിയില്‍ നിരവധി ഹാര്‍ഡ്‌വെയര്‍ സ്റ്റോറുകളില്‍ നിന്ന് മോഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കാല്‍ഗറി പോലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായി. ഓഗസ്റ്റ് 26 ന് 52 വയസ്സുള്ള കോണ്‍സ്റ്റബിള്‍ ബ്രാഡ്‌ലി ടെപ്പര്‍ എന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ മോഷണക്കുറ്റം, വഞ്ചനാക്കുറ്റം തുടങ്ങിയവ ചുമത്തിയതായി പോലീസ് അറിയിച്ചു. പോലീസ് സേനയില്‍ 20 വര്‍ഷമായി സേവനമനുഷ്ഠിക്കുന്നയാളാണ് ബ്രാഡ്‌ലി ടെപ്പര്‍. 

കാല്‍ഗറിയിലെയും പരിസരപ്രദേശങ്ങളിലെയും സ്റ്റോറുകളില്‍ നിന്ന് തട്ടിപ്പിലൂടെ മോഷണം നടത്തിയെന്നാണ് ടെപ്പര്‍ക്കെതിരെയുള്ള ആരോപണം. 12 മാസത്തിനുള്ളില്‍ 10,000 ഡോളറിലധികം വില വരുന്ന വസ്തുക്കള്‍ ഇയാള്‍ മോഷ്ടിച്ചതായാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് ആദ്യം മുതല്‍ ഇയാള്‍ക്കെതിരെ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. കൂടാതെ സേനയിലെ ചുമതലകളില്‍ നിന്നും ഇയാളെ ഒഴിവാക്കിയതായും അധികൃതര്‍ അറിയിച്ചു.