കാനഡയിലെ 'ഹോട്ട്‌ സ്‌പോട്ടായി' ബീസിയിലെ ലിറ്റണ്‍; ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി 

By: 600002 On: Aug 27, 2025, 10:03 AM

 


ബ്രിട്ടീഷ് കൊളംബിയയിലെ ലിറ്റണ്‍ കാനഡയിലെ ഏറ്റവും ചൂടേറിയ മേഖലയായി മാറി. കാനഡയുടെ ഹോട്ട്‌സ്‌പോട്ട് എന്ന വിശേഷണത്തോടെ ഈ വര്‍ഷം ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. പ്രവിശ്യയുടെ ഭൂരിഭാഗം സ്ഥലങ്ങളിലും ചുട്ടുപൊള്ളുന്ന നിലയാണുള്ളത്. ഉഷ്ണതരംഗത്തില്‍ ജനജീവിതവും ദുസ്സഹമായിരിക്കുകയാണ്. 

ഫ്രേസര്‍ കാന്യോണ്‍ കമ്മ്യൂണിറ്റിയില്‍ തിങ്കളാഴ്ച 41.3 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയതെന്ന് എണ്‍വയോണ്‍മെന്റ് കാനഡ വ്യക്തമാക്കുന്നു. 1934 ല്‍ സ്ഥാപിച്ച 37.2 ഡിഗ്രി സെല്‍ഷ്യസ് എന്ന മുന്‍ റെക്കോര്‍ഡ് മറികടന്ന്, ഓഗസ്റ്റ് 25 ന് ലിറ്റണില്‍ ഒരു ദിവസത്തെ പരമാവധി താപനില റെക്കോര്‍ഡിട്ടു. ബീസിയിലെ താപനില കൂടിയ 16 പ്രദേശങ്ങളില്‍ ഒന്നാണ് ലിറ്റണ്‍. വിസ്‌ലര്‍, പെംബര്‍ട്ടണ്‍, കംലൂപ്‌സ്, കെലോന, കാഷെ ക്രീക്ക് എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ താപനില ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഫ്രേസര്‍ കാന്യോണ്‍, തോംസണ്‍, ഓകനാഗന്‍ മേഖലകളുടെ തെക്കന്‍ ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ എണ്‍വയോണ്‍മെന്റ് കാനഡ ഹീറ്റ് വാണിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈയാഴ്ച അവസാനം വരെ ഉയര്‍ന്ന താപനില 35 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്ന് പ്രവചിക്കപ്പെടുന്നു. നോര്‍ത്ത്, സെന്‍ട്രല്‍ തീരങ്ങളിലെ ഉള്‍നാടന്‍ ഭാഗങ്ങളിലും വാന്‍കുവര്‍ ഐലന്‍ഡിന്റെ ഭൂരിഭാഗവും സ്‌പെഷ്യല്‍ വെതര്‍ സ്റ്റേറ്റ്‌മെന്റ് പ്രാബല്യത്തിലുണ്ട്.